ട്രിനിഡാഡ്: ഇന്ത്യയ്‌ക്കായി അരങ്ങേറ്റം നടത്തി ഏറെക്കാലമായിട്ടും ദേശീയ ടീമില്‍ സ്ഥിരക്കാരനാവാന്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണ് (Sanju Samson) കഴിഞ്ഞിട്ടില്ല. ഏകദിനത്തില്‍ ലഭിച്ച കുറഞ്ഞ അവസരങ്ങളില്‍ മികച്ച റെക്കോഡുണ്ടെങ്കിലും സെലക്‌ടര്‍മാരുടെ തുടര്‍ച്ചയായ അവഗണനയാണ് സഞ്‌ജു സാംസണ് നേരിടേണ്ടി വന്നത്. ഇതിനെതിരെ ആരാധകരുടെയും വിദഗ്‌ധരുടേയും കനത്ത വിമര്‍ശനങ്ങളും ഉയരാറുണ്ട്.
ഇതിന്‍റെയൊക്കെ ഫലമായാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ടീമിലേക്ക് സഞ്‌ജുവിന് വിളിയെത്തിയത്. ആദ്യ ഏകദിനത്തില്‍ പുറത്തിരുത്തപ്പെട്ട സഞ്‌ജുവിന് രണ്ടാം മത്സരത്തില്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ നിറം മങ്ങിയ താരം നിരാശപ്പെടുത്തി.
മൂന്നാം ഏകദിനത്തിലാവട്ടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്ന 28-കാരന്‍ അര്‍ധ സെഞ്ചുറി നേടിയാണ് വിമര്‍ശകരുടെ വായടപ്പിച്ചത്. 41 പന്തുകളില്‍ നിന്ന് 51 റണ്‍സായിരുന്ന സഞ്‌ജു അടിച്ച് കൂട്ടിയത്. രണ്ട് ഫോറുകളും നാല് സിക്‌സുകളും ഉള്‍പ്പെടുന്നതായിരുന്നു സഞ്‌ജുവിന്‍റെ ഇന്നിങ്സ്.
ഇതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരമായി കളിക്കുക എന്നത് വെല്ലുവിളി നിറഞ്ഞതാണെന്ന് പ്രതികരിച്ചിരിക്കുകയാണ് സഞ്‌ജു സാംസണ്‍. "ഒരു ഇന്ത്യൻ ക്രിക്കറ്ററാവുകയെന്നത് വെല്ലുവിളി നിറഞ്ഞതാണ്. കഴിഞ്ഞ 8-9 വർഷമായി ഞാൻ ആഭ്യന്തര തലത്തിലും അന്താരാഷ്‌ട്ര തലത്തിലും ഞാന്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്.
വ്യത്യസ്ത പൊസിഷനുകളിൽ കളിക്കുന്നതിനെക്കുറിച്ച് ഇതെനിക്ക് കുറച്ച് ധാരണകള്‍ നല്‍കിയിട്ടുണ്ട്. ഏത് പൊസിഷനില്‍ കളിക്കാനിറങ്ങുന്നു എന്നതില്‍ അല്ല, എത്ര ഓവര്‍ ബാക്കിയുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാണ് കളിക്കേണ്ടത്. മിഡില്‍ ഓര്‍ഡറില്‍ കുറച്ച് സമയം ചെലവഴിച്ച് രാജ്യത്തിനായി കുറച്ച് റണ്‍സ് നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.