മുംബൈ:വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബാറ്റിങ് ഓര്‍ഡറില്‍ ഇന്ത്യന്‍ ടീം നടത്തിയ പരീക്ഷണങ്ങള്‍ക്കെതിരെ തുറന്നടിച്ച് മുന്‍ സെലക്‌ടര്‍ സാബ കരീം. ബാറ്റിങ് ഓര്‍ഡറിലെ വെട്ടിച്ചുരുക്കലും മാറ്റവും ആശയക്കുഴപ്പമുണ്ടാക്കും. ഇതു ലോകകപ്പിന്‍റെ ഒരുക്കങ്ങളെ സാരമായി ബാധിക്കുമെന്നുമാണ് സാബ കരീം പറയുന്നത്.
"ടീമിലെ സ്ഥിരം കളിക്കാര്‍ക്കും തയ്യാറെടുപ്പുകള്‍ നടത്താന്‍ സമയം ആവശ്യമാണ്. ലോകകപ്പില്‍ കളിക്കുമെന്ന് പ്രതീക്ഷിക്കുന്ന താരങ്ങളെ അവരുടെ സ്ഥിരം നമ്പറുകളിലാണ് ഇറക്കാന്‍ ശ്രമിക്കേണ്ടത്. നാലാം നമ്പറില്‍ ശ്രേയസ് അയ്യർ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ അവനും തയ്യാറെടുപ്പുകള്‍ക്ക് സമയം ആവശ്യമാണ്. ആരാണ് അവന്‍റെ ബാക്കപ്പ് ആയുള്ളത്?. സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ അതോ സഞ്ജു സാംസണോ?, ആരായിരുന്നാലും കളിക്കാന്‍ ഇറക്കേണ്ടത് അതേ നമ്പറിലാണ്. അത്തരത്തിലാവണം ബാറ്റിങ് ഓര്‍ഡര്‍ ഡിസൈന്‍ ചെയ്യേണ്ടത്.
ആദ്യം ബാറ്റ് ചെയ്യുക എന്നതാണ് ഇന്ത്യയ്‌ക്ക് മുന്നിലുള്ള മറ്റൊരു വെല്ലുവിളി. രണ്ടാം ഏകദിനത്തില്‍ അതു സാധ്യമായി. മത്സരത്തില്‍ ശരിയായ ബാറ്റിങ് ഓര്‍ഡറില്‍ കളിച്ചിരുന്നെങ്കില്‍ ഏറെ ഗുണം ചെയ്യുമായിരുന്നു"- സാബ കരീം പറഞ്ഞു.
ആദ്യ ഏകദിനത്തില്‍ മറ്റുതാരങ്ങള്‍ക്ക് ബാറ്റുചെയ്യുന്നതിനായി അവസരം നല്‍കുന്നതിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഏഴാം നമ്പറില്‍ എത്തിയപ്പോള്‍ വിരാട് കോലി ബാറ്റുചെയ്യാന്‍ ഇറങ്ങിയിരുന്നില്ല. രണ്ടാം ഏകദിനത്തിലാവട്ടെ ഇരുവര്‍ക്കും വിശ്രമം അനുവദിച്ചിരുന്നു. മാനേജ്‌മെന്‍റിന്‍റെ ഈ തീരുമാനത്തെയും സാബ കരീം ചോദ്യം ചെയ്‌തു.
കളിപ്പിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് രോഹിത് ശര്‍മയെയും വിരാട് കോലിയെയും ടീമിലെടുത്തത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. "എന്തുകൊണ്ടാണ് രോഹിത് ശർമയും വിരാട് കോലിയും കളിക്കാത്തത്?. അവർ കളിക്കുന്നില്ലെങ്കിൽ പിന്നെ എന്തിന് ടീമിലെടുത്തു. പകരം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാമായിരുന്നില്ലേ. ഇതിന്‍റെയൊക്കെ അര്‍ഥം എന്താണ് ?''- മുന്‍ സെലക്‌ടര്‍ പറഞ്ഞു.
ലോകകപ്പ് അടുത്തെത്തിയതിനാല്‍ രോഹിത്തിനും കോലിക്കും വിശ്രമം നല്‍കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സഞ്‌ജു സാംസണെ മൂന്നാം നമ്പറില്‍ ഇറക്കിയ മാനേജ്‌മെന്‍റിന്‍റെ തീരുമാനത്തിന്‍റെ യുക്തിയും സാബ കരീം നേരത്തെ വിമര്‍ശിച്ചിരുന്നു. ഒരു പ്രത്യേക സ്ഥാനത്ത് ഇറങ്ങുമ്പോള്‍ സഞ്‌ജുവിന് സ്ഥിരതയോടെ റണ്‍സ് നേടാന്‍ കഴിഞ്ഞിട്ടില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും തല്‍സ്ഥാനത്ത് തന്നെ സഞ്‌ജുവിനെ വീണ്ടും കളിപ്പിക്കുന്നതെന്തിനെന്നായിരുന്നു അദ്ദേഹം ചോദിച്ചത്.
"വിമുഖതയുള്ള വിക്കറ്റ് കീപ്പറാണ് സഞ്ജു സാംസൺ, ഇക്കാര്യം പറയുന്നതിലുടെ പരുഷമായി വിമര്‍ശിക്കാനല്ല എന്‍റെ ശ്രമം. തീര്‍ച്ചയായും എനിക്ക് തോന്നുന്നത് വിക്കറ്റ് കീപ്പർ-ബാറ്റർ എന്നതിനേക്കാൾ അവന് ഒരു ബാറ്റർ എന്ന നിലയിലാണ് കൂടുതല്‍ തിളങ്ങാന്‍ കഴിയുകയെന്നാണ്.
സഞ്‌ജുവിന് ഒരു പ്രത്യേക സ്ഥാനത്ത് കളിക്കാന്‍ ഇറങ്ങുമ്പോള്‍ സ്ഥിരതയോടെ റണ്‍സ് നേടാന്‍ കഴിഞ്ഞിട്ടില്ലെന്ന് നമുക്ക് അറിയാം. അവനെ മധ്യനിരയില്‍ നാലോ, അഞ്ചോ നമ്പറിലാണ് കളിപ്പിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ അവിടെയാണ് കളിപ്പിക്കേണ്ടത്."- സാബ കരീം പറഞ്ഞു നിര്‍ത്തി.
ALSO READ: ചെറിയ പരിക്കെങ്കില്‍പ്പോലും എല്ലാവരും ഐപിഎല്‍ കളിക്കും, എന്നാല്‍ ഇന്ത്യയ്‌ക്കായി ആരും ഗ്രൗണ്ടില്‍ ഇറങ്ങില്ല: കപില്‍ ദേവ്