ട്രിനിഡാഡ് : വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിനായി ഒരുങ്ങുന്നതിനിടെയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍റെ (Ishan Kishan ) 25-ാം ജന്മദിനം വന്നെത്തിയത്. പിറന്നാള്‍ ദിനമായ ഇന്നലെ ഇന്ത്യന്‍ ഡ്രസ്സിങ് റൂമില്‍ കേക്ക് മുറിച്ചുള്ള ആഘോഷങ്ങളും നടന്നിരുന്നു. ഇതിന് പിന്നാലെ ഇഷാന്‍ കിഷന് എന്ത് പിറന്നാള്‍ സമ്മാനമാണ് നല്‍കുകയെന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) നല്‍കിയത്.
ഇഷാന്‍ തൊട്ടടുത്ത് നില്‍ക്കെ, ഇവനെന്ത് സമ്മാനം നല്‍കാനാണെന്നാണ് രോഹിത് ചോദിച്ചത്. പകരം സെഞ്ചുറി നേടിക്കൊണ്ട് ഇഷാനാണ് ടീമിന് സമ്മാനം നല്‍കേണ്ടതെന്നും രോഹിത് പറഞ്ഞു. "സമ്മാനമോ, എന്ത് സമ്മാനമാണ് നിനക്ക് വേണ്ടത്. എല്ലാം നിന്‍റെ കയ്യിലുണ്ട്. എനി എന്തെങ്കിലും ചെയ്യാന്‍ ടീമിനോട് ചോദിക്കേണ്ടി വരും. എന്നാല്‍ ടീമിന് പിറന്നാള്‍ സമ്മാനമായി അവന്‍ സെഞ്ചുറി അടിക്കട്ടെ" - രോഹിത് പറഞ്ഞു. ഇതു കേട്ട് ഇഷാന്‍ കിഷന്‍ ചിരിക്കുകയും ചെയ്‌തു. പിറന്നാള്‍ ദിനത്തിലും ഇഷാന്‍ കിഷന്‍ സഹതാരങ്ങള്‍ക്ക് ഒപ്പം പരിശീലനത്തിന് ഇറങ്ങിയിരുന്നു.
അതേസമയം നാളെ ക്യൂൻസ് പാർക്കിലാണ് ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് നടക്കുക. വിസ്‌ഡര്‍പാര്‍ക്കില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ വിജയം നേടിയിരുന്നു. ഇന്നിങ്‌സിനും 141 റണ്‍സിനുമായിരുന്നു സന്ദര്‍ശകരുടെ വിജയം. ഈ മത്സരത്തിലൂടെയാണ് ഇഷാന്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. ശ്രീകര്‍ ഭരതിന് പകരമായിരുന്നു ഇഷാന്‍ കിഷനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്.