ഗയാന: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലൂടെയാണ് യുവതാരം തിലക് വര്‍മ (Tilak Varma ) ഇന്ത്യയ്‌ക്കായി അരങ്ങേറ്റം നടത്തിയത്. പരമ്പരയില്‍ കളിച്ച രണ്ട് മത്സരങ്ങളിലും ഇന്ത്യ തോല്‍വി വഴങ്ങിയപ്പോള്‍ തിലകിന്‍റെ പ്രകടനം ശ്രദ്ധേയമായിരുന്നു. വിന്‍ഡീസ് ബോളര്‍മാര്‍ക്ക് മുന്നില്‍ ടി20 ഫോര്‍മാറ്റിലെ ലോക ഒന്നാം നമ്പര്‍ താരം സൂര്യകുമാര്‍ യാദവ് ഉള്‍പ്പെടെയുള്ള പേരുകേട്ട ഇന്ത്യയുടെ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ ആശ്വാസമായത് തിലക് വര്‍മയുടെ പ്രകടനമായിരുന്നു.
ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തിലെ അരങ്ങേറ്റ മത്സരത്തില്‍ നേരിട്ട രണ്ടും മൂന്നും പന്തുകള്‍ സിക്‌സറിച്ചുകൊണ്ടാണ് അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് തിലക് തന്‍റെ വരവ് പ്രഖ്യാപിച്ചത്. കളിയില്‍ 22 പന്തുകളില്‍ 39 റണ്‍സ് നേടി ഇന്ത്യയുടെ ടോപ് സ്‌കോററാവന്‍ റൂക്കി ബാറ്റര്‍ക്ക് കഴിഞ്ഞിരുന്നു. തുടര്‍ന്ന് ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തിലെ രണ്ടാം ടി20യില്‍ അന്താരാഷ്‌ട്ര കരിയറിലെ കന്നി അര്‍ധ സെഞ്ചുറിയും തിലക് അടിച്ചെടുത്തു. 41 പന്തുകളില്‍ 51 റണ്‍സായിരുന്നു താരം നേടിയത്.
തന്‍റെ കന്നി അര്‍ധ സെഞ്ചുറിക്ക് ശേഷമുള്ള ആഘോഷം ഐപിഎല്ലില്‍ തന്‍റെ ടീമായ മുംബൈ ഇന്ത്യന്‍സിന്‍റെ നായകനും ഇന്ത്യന്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ (Rohit Sharma) മകൾ സമൈറയ്ക്ക് (Samaira Sharma ) സമർപ്പിക്കുന്നതായി തിലക് പറഞ്ഞു. " ആ ആഘോഷം രോഹിത് ഭായിയുടെ മകളായ സമ്മിയ്‌ക്ക് നേരെയായിരുന്നു. എനിക്ക് സമ്മിയുമായി വളരെ അടുപ്പമുണ്ട്. ഒരു സെഞ്ചുറിയോ, അര്‍ധ സെഞ്ചുറിയോ നേടുമ്പോഴെല്ലാം അവൾക്കായി ആഘോഷം നടത്തുമെന്ന് ഞാൻ വാഗ്ദാനം ചെയ്തിരുന്നു" തിലക് വര്‍മ പറഞ്ഞു.
അന്താരാഷ്‌ട്ര ക്രിക്കറ്റിലെ മികച്ച തുടക്കത്തിന് രോഹിത് ശർമ നല്‍കിയ നിരന്തരമായ മാർഗ നിർദേശങ്ങള്‍ വലിയ പങ്കുവഹിച്ചതായും തിലക് വര്‍മ കൂട്ടിച്ചേര്‍ത്തു. "രോഹിത് ഭായ്, എനിക്ക് നല്‍കിയ പിന്തുണ വളരെ വലുതാണ്. കളി ആസ്വദിക്കാനാണ് അദ്ദേഹം എന്നോട് എപ്പോഴും പറയാറുണ്ട്.