ഡൊമനിക്ക:വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ യുവതാരം യശസ്വി ജയ്‌സ്വാള്‍ അരങ്ങേറ്റം നടത്തുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഡൊമനിക്കയിലെ വിന്‍സ്‌ഡര്‍ പാര്‍ക്കില്‍ ഇന്ന് തുടങ്ങുന്ന മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് രോഹിത് ശര്‍മ ഇക്കാര്യം പറഞ്ഞത്. യശസ്വി ജയ്‌സ്വാള്‍ ഓപ്പണറായെത്തുമ്പോള്‍ ശുഭ്‌മാന്‍ ഗില്‍ മൂന്നാം നമ്പറില്‍ ബാറ്റുചെയ്യാനെത്തുമെന്നും രോഹിത് വ്യക്തമാക്കി.
പര്യടനത്തിൽ പരിഗണിക്കാതിരുന്ന വെറ്ററന്‍ താരം ചേതേശ്വർ പുജാരയുടെ ഒഴിവ് നികത്തുന്നതിനായാണ് നിലവിലെ മാറ്റങ്ങള്‍. മൂന്നാം നമ്പറിൽ കളിക്കാനുള്ള തന്‍റെ താൽപ്പര്യം ശുഭ്‌മാന്‍ ഗില്‍ പ്രകടിപ്പിക്കുകയായിരുന്നുവെന്ന് രോഹിത് പറഞ്ഞു. അതുവഴി ടീമിന് കൂടുതൽ ഫലപ്രദമായി സംഭാവന നൽകാൻ കഴിയുമെന്നാണ് താരം വിശ്വസിക്കുന്നതെന്ന് പറഞ്ഞ രോഹിത്, ഓപ്പണിങ്ങിലെ ഇടത്-വലത് കോമ്പിനേഷൻ ടീമിന് ഗുണം ചെയ്യുമെന്നും വ്യക്തമാക്കി.
"ശുഭ്‌മാന്‍ ഗിൽ മൂന്നാം നമ്പറിൽ കളിക്കും, കാരണം ആ സ്ഥാനത്ത് കളിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നു. നേരത്തെ മൂന്നും നാലും നമ്പറുകളിലാണ് കളിച്ചുകൊണ്ടിരുന്നതെന്ന കാര്യം അവന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായി ചര്‍ച്ച ചെയ്‌തിട്ടുണ്ട്. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്താൽ ടീമിന് കൂടുതല്‍ ഫലപ്രദമായ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും അവന്‍ കരുതുന്നു. ഈ മാറ്റം ഞങ്ങൾക്കും നല്ലതാണ്, കാരണം ജയ്‌സ്വാള്‍ എത്തുന്നതോടെ ഓപ്പണിങ്ങില്‍ ഇടത്-വലത് കോമ്പിനേഷന്‍ ലഭിക്കും" രോഹിത് ശര്‍മ പറഞ്ഞു.
മികച്ച പ്രകടനം കാഴ്ച്ചവച്ച് ഇന്ത്യന്‍ ടീമിന്‍റെ ഓപ്പണിങ് സ്ഥാനം ദീര്‍ഘ കാലത്തേക്ക് തന്‍റേതാക്കി മാറ്റാന്‍ യശ്വസി ജയ്‌സ്വാളിന് കഴിയുമെന്ന് കരുതുന്നതായും രോഹിത് കൂട്ടിച്ചേര്‍ത്തു. ഓപ്പണറായി ഇടങ്കയ്യന്‍ ബാറ്റര്‍ക്കുള്ള ദീര്‍ഘ കാലത്തെ അന്വേഷണമാണ് 21-കാരനായ ജയ്‌സ്വാളില്‍ എത്തി നില്‍ക്കുന്നെന്നും രോഹിത് പറഞ്ഞു.