പോര്‍ട്ട് ഓഫ് സ്‌പെയിന്‍ :വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ തന്‍റെ പഴയ മികവിലേക്കുള്ള തിരിച്ചുവരവ് നടത്തുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ലോകകപ്പ് വര്‍ഷത്തില്‍ ഇന്ത്യയ്‌ക്ക് ഏറെ പ്രതീക്ഷയേകുന്നതാണ് രോഹിത്തിന്‍റെ തിരിച്ചുവരവ്. വിസ്‌ഡര്‍പാര്‍ക്കില്‍ നടന്ന ആദ്യ ടെസ്റ്റില്‍ സെഞ്ചുറിയുമായി തിളങ്ങിയ 36-കാരന്‍ പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ പുരോഗമിക്കുന്ന രണ്ട് ഇന്നിങ്സിലും അര്‍ധ സെഞ്ചുറി നേടിയിരുന്നു.
ഈ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ഇതേവരെ മറ്റൊരാള്‍ക്കും കഴിയാതിരുന്ന ഒരു വമ്പന്‍ നേട്ടം സ്വന്തമാക്കാനും രോഹിത്തിന് കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ തുടർച്ചയായി 30 ഇരട്ട അക്ക സ്‌കോറുകള്‍ നേടുന്ന ആദ്യ ബാറ്ററെന്ന ലോക റെക്കോഡാണ് രോഹിത് ശർമ തൂക്കിയത്. തുടര്‍ച്ചയായി 29 തവണ ഇരട്ട അക്ക സ്കോറുകൾ നേടിയ ശ്രീലങ്കൻ ഇതിഹാസം മഹേല ജയവർധനയ്‌ക്ക് ഒപ്പമായിരുന്നു ഇതുവരെ രോഹിത്തുണ്ടായിരുന്നത്.
പോർട്ട് ഓഫ് സ്പെയിനിൽ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സിലെ അര്‍ധ സെഞ്ചുറി പ്രകടനത്തോടെയാണ് രോഹിത് മഹേല ജയവർധനയ്‌ക്ക് ഒപ്പം എത്തിയത്. രണ്ടാം ഇന്നിങ്‌സിലും മികവ് ആവര്‍ത്തിച്ചതോടെയാണ് രോഹിത് മഹേല ജയവർധനയെ മറികടന്ന് ലോക റെക്കോഡ് സ്വന്തം പേരിലാക്കിയത്. 12, 161, 26, 66, 25*, 49, 34, 30, 36, 12*, 83, 21, 19, 59, 11, 127, 29, 31, 23, 24, 24, 24, 24 5, 15, 43, 103, 80, 57 എന്നിങ്ങനെയാണ് തന്‍റെ അവസാന 30 ടെസ്റ്റ് ഇന്നിങ്സുകളില്‍ രോഹിത് ശർമ സ്‌കോര്‍ ചെയ്‌ത റണ്‍സുകള്‍.