ദുബായ്: ഡൊമിനിക്കയിലെ വിൻസർ പാർക്കിൽ വെസ്റ്റ് ഇൻഡീസിനെതിരെ തന്‍റെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിനാണ് ഇന്ത്യയുടെ 21-കാരനായ യശസ്വി ജയ്‌സ്വാള്‍ ഇറങ്ങിയത്. ഇന്ത്യന്‍ ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്ക് ഒപ്പം ഓപ്പണറായി ഇറങ്ങിയ ജയ്‌സ്വാള്‍ സെഞ്ചുറിയുമായാണ് തന്‍റെ വരവറിയിച്ചത്. മത്സരത്തിന്‍റെ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 350 പന്തുകളില്‍ നിന്നായി 143 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാള്‍ പുറത്താവാതെ നില്‍ക്കുകയാണ്.
21-കാരന്‍റെ ഈ തകര്‍പ്പന്‍ പ്രകടനത്തെ വാനോളം പുകഴ്‌ത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം റിക്കി പോണ്ടിങ്. യശസ്വി ജയ്‌സ്വാൾ ഒറ്റരാത്രികൊണ്ട് സൂപ്പർ താരമായി മാറിയെന്നാണ് ഓസീസ് മുന്‍ നായകന്‍റെ വാക്കുകള്‍.
"ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ കഴിഞ്ഞ പതിപ്പില്‍ യശസ്വി ജയ്‌സ്വാളിന്‍റെ പ്രകടനം ഏറെ പ്രത്യേകതയുള്ളതായിരുന്നു. അത് അന്താരാഷ്‌ട്ര തലത്തിലും ആവര്‍ത്തിച്ച് ഒറ്റരാത്രികൊണ്ട് സൂപ്പർസ്റ്റാറായി മാറിയിരിക്കുകയാണവന്‍. കഴിവുള്ള ഒരു യുവതാരമാണ് അവനെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഈ ഐപിഎല്ലിലെ അവന്‍റെ പ്രകടനം കണ്ടപ്പോള്‍ എനിക്ക് തോന്നിയത് അവന് എല്ലാത്തരം കഴിവുകളും ഉണ്ടെന്നാണ്"- റിക്കി പോണ്ടിങ് പറഞ്ഞു.
ഐസിസി റിവ്യൂവിലാണ് 48-കാരനായ പോണ്ടിങ്ങിന്‍റെ വാക്കുകള്‍. ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി 14 മത്സരങ്ങളിൽ നിന്നും 48.08 ശരാശരിയിൽ 625 റൺസായിരുന്നു യശസ്വി ജയ്‌സ്വാള്‍ അടിച്ച് കൂട്ടിയത്. 163.61ആയിരുന്നു പ്രഹര ശേഷി.
റിതുരാജും തിളങ്ങും: യശസ്വി ജയ്‌സ്വാളിനൊപ്പം റിതുരാജ് ഗെയ്‌ക്‌വാദിനും ഇന്ത്യയുടെ ഒരു പ്രധാന താരമായി മാറാന്‍ കഴിയുമെന്നും റിക്കി പോണ്ടിങ് പറഞ്ഞു. "അന്താരാഷ്‌ട്ര തലത്തില്‍ ടെസ്റ്റില്‍ കളിക്കുന്നത് കാണാന്‍ ഞാന്‍ അവേശപൂര്‍വം കാത്തിരിക്കുന്ന ധാരാളം യുവ ഇന്ത്യന്‍ താരങ്ങളുണ്ട്.
അതിനായി സഹായിക്കാന്‍ കഴിയില്ലെങ്കിലും, അവരുടെ ആഭ്യന്തര റെക്കോഡുകള്‍ നമ്മളില്‍ ഏറെ മതിപ്പുളവാക്കുന്നതാണ്. ഇക്കാര്യത്തില്‍ യശസ്വി ജയ്‌സ്വാളിനെപ്പോലെ തന്നെയാണ് റിതുരാജ് ഗെയ്‌ക്‌വാദും എന്നു തന്നെയാണ് ഞാൻ കരുതുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ അവന്‍ മികച്ച ഒരു ടെസ്റ്റ് കളിക്കാരനോ, ഓൾ ഫോർമാറ്റ് കളിക്കാരനോ ആകുമെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്"- റിക്കി പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.
പൃഥ്വി ഷാ തിരിച്ച് വരും: ജയ്‌സ്വാളിനെപ്പോലെ മികച്ച താരമാണ് പൃഥ്വി ഷായെന്നും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ താരം പ്രാപ്തനാണെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു. 2018-ൽ രാജ്‌കോട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് അരങ്ങേറ്റത്തിൽ ജയ്‌സ്വാളിനെപ്പോലെ സെഞ്ചുറി നേടിക്കൊണ്ടായിരുന്നു പൃഥ്വി ഷായും തുടങ്ങിയത്. എന്നാല്‍ പിന്നീട് തിളങ്ങാന്‍ കഴിയാതെ വന്നതോടെ ടീമിന് പുറത്തായ താരം അഭ്യന്തര ക്രിക്കറ്റില്‍ റണ്‍സടിച്ചുകൂട്ടി ഫോം തെളിയിച്ചുവെങ്കിലും സെലക്‌ടര്‍മാര്‍ തിരിച്ചുവിളിച്ചിട്ടില്ല.
വളരെ ഉയര്‍ന്ന പ്രതിഭയുളള താരമാണ് പൃഥ്വി ഷാ എന്നാണ് പോണ്ടിങ് പറയുന്നത്. "രണ്ട് വർഷം പിന്നോട്ട് നോക്കുമ്പോള്‍, പൃഥ്വി ഷായേയും ഇതേ വിഭാഗത്തില്‍ തന്നെയാണ് ഞാന്‍ ഉള്‍പ്പെടുത്തുക. അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് അവന് മടങ്ങിയെത്താന്‍ കഴിയുമെന്ന് തന്നെയാണ് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത്. അതിനൊത്ത പ്രതിഭയുള്ള താരമാണവന്‍. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട", റിക്കി പോണ്ടിങ് പറഞ്ഞു നിര്‍ത്തി.
ALSO READ: WI vs IND | 'യശസ്വിക്ക് മികച്ച തുടക്കം കിട്ടി, ഇനി നല്ല രീതിയില്‍ മുന്നോട്ടുപോകണം' ; സന്തോഷം പ്രകടിപ്പിച്ച് ബാല്യകാല കോച്ച് ജ്വാല സിങ്