മുംബൈ:വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയില്‍ നിറം മങ്ങിയ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്‌ജു സാംസണ്‍ അന്താരാഷ്‌ട്ര തലത്തില്‍ തന്‍റെ കഴിവ് തെളിയിക്കാനുള്ള അവസരമാണ് നഷ്‌ടപ്പെടുത്തിയത്. അഞ്ച് മത്സര പരമ്പയില്‍ ബാറ്റുചെയ്‌ത മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നായി 10.67 എന്ന ശരാശരിയില്‍ 32 റൺസ് മാത്രമാണ് സഞ്‌ജുവിന് നേടാനായത്. ആദ്യ രണ്ട് ഇന്നിങ്‌സുകളിലും പരാജയപ്പെട്ട സഞ്‌ജു കടുത്ത വിമര്‍ശനങ്ങള്‍ക്ക് നടുവിലായിരുന്നു അഞ്ചാം ടി20യില്‍ തന്‍റെ മൂന്നാം ഇന്നിങ്‌സിന് ഇറങ്ങിയത്.
ടീമിന് ഏറെ നിര്‍ണായകമായ ഘട്ടത്തില്‍ ക്രീസിലെത്തിയ 28-കാരന്‍ ഒമ്പത് പന്തുകളില്‍ 13 റണ്‍സുമായി തിരിച്ച് കയറി ആരാധകരെ കനത്ത നിരാശയിലാക്കിയിരുന്നു. ഇതിന് പിന്നാലെ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയ്‌ക്കായുള്ള സഞ്‌ജുവിന്‍റെ ഇതേവരെയുള്ള പ്രകടനം വിലയിരുത്തിയിരിക്കുകയാണ് മുന്‍ താരം പാർഥിവ് പട്ടേൽ. ഫോര്‍മാറ്റില്‍ ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടാവുന്ന ഒരു പ്രകടനം നടത്താന്‍ സഞ്‌ജുവിന് ഇതേവരെ കഴിഞ്ഞിട്ടില്ലെന്നാണ് പാർഥിവ് പട്ടേൽ പറയുന്നത്.
"അഞ്ചാം ടി20യില്‍ തിലക് വര്‍മ ഔട്ടായതിന് ശേഷം സഞ്‌ജു സാംസണ്‍ ക്രീസിലെത്തി. ആവശ്യത്തിന് സമയമെടുത്താണ് സഞ്‌ജു കളിച്ചത്. അവന്‍ നന്നായി സെറ്റായെന്നും ഒരു നല്ല ഇന്നിങ്‌സ് കെട്ടിപ്പടുക്കാനുള്ള മികച്ച അവസരമാണ് അവന് മുന്നിലുള്ളതെന്നും ഞാന്‍ കരുതി. ഇത്തരം മത്സരങ്ങളിലാണ് ആരെങ്കിലും സ്റ്റാന്‍ഡായി കളിച്ച് ടീമിന് മുതല്‍ക്കൂട്ടാവുന്ന പ്രകടനം നടത്തേണ്ടത്. സഞ്‌ജുവിന് ഇതേവരെ കഴിയാത്ത ഒരു കാര്യമാണത്" - പാര്‍ഥിവ് പട്ടേല്‍ വ്യക്തമാക്കി.
നേരത്തെ ധാരാളം അവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും സഞ്‌ജുവിന് അതില്‍ അധികവും മുതലാക്കാന്‍ കഴിയുന്നില്ലെന്നും ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൂടിയായ പാര്‍ഥിവ് പട്ടേല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യ തോല്‍ക്കുമ്പോഴെല്ലാം സഞ്‌ജു ടീമില്ലാത്തതിനെക്കുറിച്ചാവും ആളുകള്‍ സംസാരിക്കുക എന്നുമായിരുന്നു താരത്തിന്‍റെ പ്രതികരണം.