കേരളം

kerala

ETV Bharat / sports

'ഇന്നലെ വരെ ടിവിയില്‍ കണ്ട താരങ്ങള്‍ എന്നെ കെട്ടിപ്പിടിക്കുന്നു' ; കന്നി വിക്കറ്റ് ആഘോഷം സ്വപ്‌നതുല്യമെന്ന് മുകേഷ് കുമാര്‍

അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ആദ്യ വിക്കറ്റിന് ശേഷം രോഹിത് ശര്‍മയും വിരാട് കോലിയും കെട്ടിപ്പിടിച്ചപ്പോള്‍ തോന്നിയത് വാക്കുകള്‍ക്ക് അതീതമായ വികാരമെന്ന് മുകേഷ് കുമാര്‍

WI vs IND  Mukesh Kumar shares debut experience  Rohit sharma  Virat kohli  Mukesh Kumar on first test wicket  west indies vs india  BCCI twitter  ബിസിസിഐ  mohammed siraj  മുകേഷ് കുമാര്‍  ബിസിസിഐ ട്വിറ്റര്‍  മുഹമ്മദ് സിറാജ്  ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്  വിരാട് കോലി  രോഹിത് ശര്‍മ  Mukesh Kumar
കന്നി വിക്കറ്റ് ആഘോഷം സ്വപ്‌നതുല്യമെന്ന് മുകേഷ് കുമാര്‍

By

Published : Jul 24, 2023, 1:46 PM IST

പോര്‍ട്ട് ഓഫ്‌ സ്‌പെയിന്‍ : വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലൂടെയാണ് പേസര്‍ മുകേഷ് കുമാറിന് ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്. പരിക്കിനെ തുടര്‍ന്ന് ശാര്‍ദുല്‍ താക്കൂര്‍ പുറത്തായതോടെയാണ് മുകേഷ് കുമാറിന് (Mukesh Kumar) നറുക്ക് വീഴുന്നത്. പോര്‍ട്ട് ഓഫ്‌ സ്‌പെയിനില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ വിന്‍ഡീസിന്‍റെ ആദ്യ ഇന്നിങ്‌സില്‍ തന്നെ തന്‍റെ കന്നി വിക്കറ്റ് നേടാനും 29-കാരന് കഴിഞ്ഞിരുന്നു.

വിന്‍ഡീസിന്‍റെ മൂന്നാം നമ്പര്‍ ബാറ്റര്‍ കിർക്ക് മക്കെൻസിയെ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍റെ കയ്യിലെത്തിച്ചാണ് താരം അന്താരാഷ്‌ട്ര തലത്തില്‍ ആദ്യ വിക്കറ്റ് നേടിയത്. വിക്കറ്റ് ആഘോഷത്തിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഉള്‍പ്പടെയുള്ള താരങ്ങള്‍ കെട്ടിപ്പിടിച്ചുകൊണ്ടായിരുന്നു മുകേഷ് കുമാറിനെ അഭിനന്ദിച്ചത്.

ഇപ്പോഴിതാ ആ നിമിഷത്തിലെ വികാരങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. വാക്കുകള്‍ക്ക് അതീതമാണ് അതെന്നാണ് മുകേഷ് പറയുന്നത്. "അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഞാന്‍ ആദ്യ വിക്കറ്റ് നേടിയതിന് ശേഷം, രോഹിത് ശർമ ഭയ്യയും കോലി ഭയ്യയും വന്ന് എന്നെ കെട്ടിപ്പിടിച്ചു. എന്‍റെ ദൈവമേ... എന്താണ് എനിക്ക് പറയേണ്ടതെന്ന് അറിയില്ല.

ഇന്നലെ വരെ ഞാന്‍ ടിവിയില്‍ കണ്ടിരുന്ന താരങ്ങളാണവര്‍. ഇപ്പോള്‍ അവര്‍ എന്നെ കെട്ടിപ്പിടിച്ചിരിക്കുന്നു. സ്വപ്‌നതുല്യമായിരുന്നു അത്''- മുകേഷ് കുമാര്‍ പറഞ്ഞു. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജുമൊത്തുള്ള സംഭാഷണത്തിനിടെയാണ് മുകേഷ് കുമാറിന്‍റെ വാക്കുകള്‍. ഇതിന്‍റെ വീഡിയോ ബിസിസിഐ പങ്കുവച്ചിട്ടുണ്ട്. ഇന്നിങ്‌സില്‍ അലിക്ക് അത്‌നാസെയുടെ വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനത്തോടെയാണ് മുകേഷ് കുമാര്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നത്. രഞ്ജി ട്രോഫിയുടെ 2022-23 സീസണിൽ 22 വിക്കറ്റുകള്‍ നേടാന്‍ മുകേഷ് കുമാറിന് കഴിഞ്ഞിരുന്നു. ഇതുവരെ 39 ആഭ്യന്തര മത്സരങ്ങളില്‍ നിന്ന് 49 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായാണ് മുകേഷ് കുമാര്‍ കളിക്കുന്നത്. കഴിഞ്ഞ സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് ഏഴ്‌ വിക്കറ്റുകളാണ് മുകേഷ് കുമാര്‍ നേടിയിട്ടുള്ളത്.

അതേസമയം പോര്‍ട്ട് ഓഫ്‌ സ്‌പെയിനിലെ രണ്ടാം ടെസ്റ്റിലും ഇന്ത്യ വിജയ പ്രതീക്ഷയിലാണ്. രണ്ടാം ഇന്നിങ്‌സിന് ശേഷം സന്ദര്‍ശകര്‍ ഉയര്‍ത്തിയ 366 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടരുന്ന വിന്‍ഡീസ് നാലാം ദിനത്തില്‍ സ്റ്റമ്പെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 76 റണ്‍സെന്ന നിലയിലാണ്. ഇതോടെ മത്സരത്തിന്‍റെ അവസാന ദിവസമായ ഇന്ന് (ജൂലൈ 24) വിജയത്തിനായി ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റുകളും വെസ്റ്റ് ഇന്‍ഡീസിന് 289 റണ്‍സുമാണ് വേണ്ടത്.

ALSO READ:WI vs IND | ടെസ്റ്റ് ചരിത്രത്തില്‍ ആദ്യം ; ലോക റെക്കോഡ് തൂക്കി രോഹിത് ശര്‍മ

24 റണ്‍സുമായി തഗെനരൈന്‍ ചന്ദര്‍പോളും 20 റണ്‍സ് നേടിയ ജെര്‍മെയിന്‍ ബ്ലാക്ക്‌വുഡുമാണ് പുറത്താവാതെ നില്‍ക്കുന്നത്. നായകന്‍ ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റ് (28), ക്രിക്ക് മക്കന്‍സി എന്നിവരുടെ വിക്കറ്റുകളാണ് നാലാം ദിനത്തില്‍ ആതിഥേയര്‍ക്ക് നഷ്‌ടമായത്. ആര്‍ ആശ്വിനാണ് ഇരുവരേയും പുറത്താക്കിയത്.

ABOUT THE AUTHOR

...view details