പോര്‍ട്ട് ഓഫ് സ്‌പെയിന്‍:വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാന്‍ കിഷന്‍ തന്‍റെ കന്നി അര്‍ധ സെഞ്ചുറി നേടുമ്പോള്‍ അടിമുടി നിറഞ്ഞ് നിന്നത് റിഷഭ് പന്ത് (Rishabh Pant ). അപകടത്തെ തുടര്‍ന്ന് ടീമിന് പുറത്തായ പന്ത് സമ്മാനിച്ച ബാറ്റുകൊണ്ട് പന്തിന്‍റെ ഒറ്റക്കയ്യന്‍ ശൈലിയില്‍ സിക്‌സറടിച്ചുകൊണ്ടായിരുന്നു ഇഷാന്‍ കിഷന്‍ (Ishan Kishan) ടെസ്റ്റിലെ തന്‍റെ ആദ്യ അര്‍ധ സെഞ്ചുറി അടിച്ചെടുത്തത്. ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്ത് കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ കാര്‍ അപടകത്തില്‍ പരിക്കേറ്റ് പുറത്തായതായിരുന്നു.
വൈറലായി ആർപിയും ജെഴ്‌സി നമ്പറും: റിഷഭ് പന്തിന് പകരക്കാരനായി കെഎസ് ഭരത്താണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ അടക്കം ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പറായത്. എന്നാല്‍ ഭരതിന് ഫോം നഷ്ടമായതോടെയാണ് ഇഷാന്‍ കിഷൻ പ്ലേയിങ് ഇലവനിലെത്തിയത്. അത് മുതലാക്കിയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇഷാൻ കിഷൻ അർധ സെഞ്ച്വറി തികച്ചത്. അന്‍പത് കടന്നതിന് ശേഷം ഇഷാന്‍ ഉയര്‍ത്തിയ ബാറ്റില്‍ സ്‌പോൺസർമാരുടെ ലോഗോയ്‌ക്ക് താഴെയായി ആര്‍പി 17 എന്ന് എഴുതിയിട്ടുണ്ട്. പന്തിന്‍റെ ജഴ്‌സി നമ്പറാണ് 17. ഇതിന്‍റെ ക്ലോസ് അപ്പ് ദൃശ്യങ്ങള്‍ നിലവില്‍ വൈറലാണ്.
നാലാം ദിന മത്സരം അവസാനിച്ചതിന് ശേഷം ഇഷാന്‍ കിഷന്‍ റിഷഭിനെ കുറിച്ച് സംസാരിക്കുകയും ചെയ്‌തിരുന്നു. വിന്‍ഡീസിലേക്ക് വരുന്നതിന് മുമ്പ് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ വച്ച് തന്‍റെ ബാറ്റിങ്ങിന് ആവശ്യമായ നിര്‍ദേശങ്ങള്‍ പന്ത് നല്‍കിയതായാണ് ഇഷാന്‍ പറഞ്ഞത്.
"ഞങ്ങള്‍ തമ്മില്‍ അണ്ടര്‍ 19 കാലം തൊട്ടുള്ള പരിചയമാണത്. എന്‍റെ കളി ശൈലിയെക്കുറിച്ച് അവന് നന്നായി അറിയാം. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ വച്ച് ആരെങ്കിലും എനിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ തന്നിരുന്നെങ്കില്‍ എന്ന് വിചാരിച്ചിരുന്നു. എന്‍റെ ഭാഗ്യമെന്ന് പറയട്ടെ, പന്ത് അവിടെ ഉണ്ടായിരുന്നു. ഞാന്‍ ബാറ്റ് പിടിക്കുന്ന രീതിയെ കുറിച്ച് ഞങ്ങള്‍ തമ്മില്‍ സാംസാരിച്ചു"- ഇഷാന്‍ കിഷന്‍ പറഞ്ഞു.