മുംബൈ:വെസ്റ്റ് ഇന്‍ഡീസ് (West Indies) പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ (BCCI) കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ടെസ്റ്റ്, ഏകദിന ക്രിക്കറ്റ് പരമ്പരകള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയുടെ (Rohit Sharma) നേതൃത്വത്തിലാണ് രണ്ട് ടീമും വിന്‍ഡീസില്‍ കളിക്കാന്‍ ഇറങ്ങുക.മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യന്‍ ടീം ഈ പരമ്പരയില്‍ കളിക്കുക.
ഇന്ത്യന്‍ സംഘത്തിലേക്ക് മലയാളി താരം സഞ്‌ജു സാംസണെ (Sanju Samson) തിരികെ വിളിച്ചുവെന്നതായിരുന്നു ടീം പ്രഖ്യാപനത്തിന്‍റെ പ്രത്യേകത. ഏകദിന ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആയിട്ടാണ് താരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2022ല്‍ ആയിരുന്നു സഞ്‌ജു സാംസണ്‍ അവസാനമായി ഇന്ത്യന്‍ ടീമിനായി ഒരു ഏകദിന മത്സരം കളിച്ചത്. ഏഷ്യ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ സഞ്‌ജുവിന് വീണ്ടും അവസരം ലഭിച്ചതില്‍ ആരാധകരും സന്തുഷ്‌ടരാണ്.
ഇപ്പോള്‍, ഈ പരമ്പരയിലൂടെ സഞ്‌ജു സാംസണ്‍ ഇന്ത്യയ്‌ക്കായി കൂടുതല്‍ റണ്‍സ് കണ്ടെത്തണമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. പന്തിന്‍റെ അഭാവത്തില്‍ സഞ്‌ജുവിന് ഇപ്പോള്‍ കൂടുതല്‍ അവസരം നല്‍കേണ്ട സമയം ആണെന്നും പത്താന്‍ അഭിപ്രായപ്പെട്ടു. വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ട്വിറ്ററിലൂടെ ആണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറുടെ പ്രതികരണം.
'റിഷഭ് പന്ത് ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീം ഏകദിന ക്രിക്കറ്റില്‍ സഞ്‌ജു സാംസണെ കൃത്യമായി ഉപയോഗിക്കേണ്ട സമയം ആണിത്. അവന്‍ മിഡില്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ എത്തുന്ന വിക്കറ്റ് കീപ്പിങ്ങും ചെയ്യും. സ്‌പിന്നര്‍മാര്‍ക്കെതിരെയും അവന്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യും. ഇന്ത്യന്‍ ടീം ഇപ്പോള്‍ അവനെ കൃത്യമായി ഉപയോഗിച്ചാല്‍ അത് വിലപ്പെട്ട ഒരു കൂട്ടിച്ചേര്‍ക്കലായിരിക്കും' ഇര്‍ഫാന്‍ പത്താന്‍ ട്വിറ്ററില്‍ കുറിച്ചു.