മുംബൈ: വെസ്റ്റ് ഇന്‍ഡീസിന് എതിരായ മൂന്നാം ടി20യില്‍ ഇന്ത്യ വിജയിച്ചുവെങ്കിലും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ എയറിലായിരുന്നു. യുവ ബാറ്റര്‍ തിലക് വര്‍മയ്ക്ക് അര്‍ധ സെഞ്ചുറി തികയ്‌ക്കാന്‍ അവസരം നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നത്. മത്സരത്തിന്‍റെ 17-ാം ഓവറിന്‍റെ അഞ്ചാം പന്ത് ഹാര്‍ദിക് നേരിടാന്‍ ഒരുങ്ങവെ വെറും രണ്ട് റണ്‍സ് മാത്രമായിരുന്നു ഇന്ത്യയ്‌ക്ക് വിജയത്തിനായി വേണ്ടിയിരുന്നത്.
നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഉണ്ടായിരുന്ന തിലക് വര്‍മ 49 റണ്‍സിലായിരുന്നു നിന്നിരുന്നത്. ഇതോടെ ആര്‍ധ സെഞ്ചുറി തികയ്‌ക്കാന്‍ ഹാര്‍ദിക് തിലകിന് അവസരം നല്‍കുമെന്ന് ആരാധകര്‍ കരുതിയെങ്കിലും അതുണ്ടായില്ല. പകരം ധോണി സ്റ്റൈലില്‍ സിക്‌സര്‍ പറത്തിക്കൊണ്ട് ഹാര്‍ദിക് ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഹാര്‍ദിക്കിന്‍റെ സ്വാര്‍ഥതയാണിതെന്നായിരുന്നു ഇതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍.
എന്നാലിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് പ്രശസ്‌ത കമന്‍റേറ്ററും ക്രിക്കറ്റ് പണ്ഡിതനുമായ ഹർഷ ഭോഗ്‌ലെ. അര്‍ധ സെഞ്ചുറി നേടുകയെന്നത് ടി20 ക്രിക്കറ്റില്‍ ഒരു നാഴികകല്ല് അല്ലെന്നാണ് ഹർഷ ഭോഗ്‌ലെ പറയുന്നത്. ഇത്തരം ചര്‍ച്ചകള്‍ തന്നെ ആശ്ചര്യപ്പെടുത്തിയെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി.
"തിലക് വര്‍മയ്ക്ക് അര്‍ധ സെഞ്ചുറി നഷ്‌ടമായതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എന്നെ ശരിക്കും ആശ്ചര്യപ്പെടുത്തി. ടി20 ക്രിക്കറ്റില്‍ അതൊരു നാഴികകല്ല് അല്ല, അപൂര്‍വമായി പിറക്കുന്ന സെഞ്ചുറികള്‍ മാത്രമാണ് ഫോര്‍മാറ്റിലെ നാഴികക്കല്ലുകള്‍. ഒരു ടീം സ്‌പോർട്‌സിലെ വ്യക്തിഗത നേട്ടങ്ങളിൽ നമ്മള്‍ വളരെയധികം ശ്രദ്ധാലുക്കളാണ്.