മുംബൈ : വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ തുടര്‍ തോല്‍വിക്ക് ഒടുവില്‍ മൂന്നാം മത്സരം പിടിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ നിര്‍ത്തിപ്പൊരിക്കുകയാണ് ആരാധകര്‍. യുവ താരം തിലക് വര്‍മയ്‌ക്ക് അര്‍ഹിച്ച അര്‍ധ സെഞ്ചുറി ഹാര്‍ദിക് പാണ്ഡ്യ നഷ്‌ടപ്പെടുത്തിയെന്നാണ് ആരാധകര്‍ പറയുന്നത്.
വിജയ ലക്ഷ്യം പിന്തുടരവെ തുടക്കം പതറിയെങ്കിലും പിന്നീട് തകര്‍ത്തടിച്ച സൂര്യകുമാര്‍ യാദവും പിന്തുണ നല്‍കിയ തിലക് വര്‍മയും ചേര്‍ന്നാണ് ടീമിന്‍റെ വിജയത്തിന് അടിത്തറ പാകിയത്. സൂര്യ മടങ്ങിയതിന് ശേഷം എത്തിയ ക്യാപ്റ്റന്‍ ഹാദിക് പാണ്ഡ്യയും തിലകും ചേര്‍ന്നാണ് സന്ദര്‍ശകരെ വിജയത്തിലേക്ക് എത്തിച്ചത്. ധാരാളം പന്തുകള്‍ ബാക്കി നില്‍ക്കെ വിജയത്തിന് രണ്ട് റണ്‍സ് മാത്രം വേണമെന്നിരിക്കെ ധോണി സ്റ്റൈലില്‍ സിക്‌സറടിച്ചുകൊണ്ട് ഹാര്‍ദിക് പാണ്ഡ്യയായിരുന്നു മത്സരം ഫിനിഷ് ചെയ്‌തത്.
ഇതോടെ 49 റണ്‍സില്‍ നില്‍ക്കുകയായിരുന്ന തിലക് വര്‍മയ്‌ക്ക് അര്‍ധ സെഞ്ചുറി തികയ്‌ക്കാനുള്ള അവസരവും നഷ്‌ടമായി. ഇതോടെ ഹാര്‍ദിക് തീര്‍ത്തും സ്വാര്‍ഥനാണെന്ന് വിമര്‍ശിച്ചുകൊണ്ട് രണ്ട് പഴയ സംഭവങ്ങള്‍ ഓര്‍ത്തെടുത്തിരിക്കുകയാണ് ആരാധകര്‍. 2014-ലെ ടി20 ലോകകപ്പില്‍ വിരാട് കോലിയെ മത്സരം ഫിനിഷ് ചെയ്യാന്‍ അനുവദിച്ച ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ പ്രവര്‍ത്തിയാണ് ആദ്യത്തേത്.
മത്സരത്തില്‍ എതിരാളികളായിരുന്ന ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 173 റണ്‍സ് വിജയ ലക്ഷ്യം മറികടക്കാനായി ഒരു റണ്‍സ് വേണമെന്നിരിക്കെ 19-ാം ഓവറിന്‍റെ അഞ്ചാം പന്തിലായിരുന്നു ധോണി ക്രീസിലെത്തിയത്. തൊട്ടടുത്ത പന്തില്‍ മത്സരം ഫിനിഷ് ചെയ്യാന്‍ ധോണിക്ക് കഴിയുമായിരുന്നു. എന്നാല്‍ പന്ത് പ്രതിരോധിച്ച താരം ഇന്ത്യയ്‌ക്ക് നിര്‍ണായക സംഭാവന നല്‍കിയ വിരാട് കോലിയെക്കൊണ്ട് മത്സരം ഫിനിഷ് ചെയ്യിപ്പിക്കുകയാണ് ചെയ്‌തത്.
19-ാം ഓവറിന്‍റെ അവസാന പന്തില്‍ ധോണി ഓടാന്‍ കൂട്ടാക്കാതിരുന്നത് വിരാട് കോലിയെപ്പോലും അമ്പരപ്പിക്കുകയും ചെയ്‌തിരുന്നു. ഒടുവില്‍ അവസാന ഓവറിന്‍റെ ആദ്യ പന്തില്‍ ബൗണ്ടറി അടിച്ചുകൊണ്ടായിരുന്നു കോലി ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചത്. 43 പന്തുകളില്‍ 68 റണ്‍സായിരുന്നു അന്ന് കോലി നേടിയത്.
കഴിഞ്ഞ ഐപിഎല്ലില്‍ യശസ്വി ജയ്‌സ്വാളിന് സെഞ്ചുറി നേടാന്‍ അവസരമൊരുക്കിയ രാജസ്ഥാന്‍ നായകന്‍ സഞ്‌ജു സാംസണിന്‍റെ പ്രവര്‍ത്തിയാണ് മറ്റൊന്ന്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ജയ്‌സ്വാളിന്‍റെ പ്രകടനമായിരുന്നു രാജസ്ഥാന് ഏറെ നിര്‍ണായകമായത്. മത്സരത്തിന്‍റെ 13-ാം ഓവറില്‍ സഞ്‌ജു സാംസണ്‍ സ്‌ട്രൈക്ക് ചെയ്യവെ 94 റണ്‍സില്‍ നില്‍ക്കുകയായിരുന്നു ജയ്‌സ്വാള്‍. ആ സമയം വിജയത്തിന് മൂന്ന് റണ്‍സ് മാത്രം അകലെയായിരുന്നു രാജസ്ഥാന്‍. ഇതോടെ ജയ്‌സ്വാളിന് സെഞ്ചുറി നിഷേധിക്കാനായി ഓവറിന്‍റെ അവസാന പന്ത് ലെഗ്‌സൈഡിലേക്ക് വൈഡെറിയാനാണ് ബോളറായ സുയാഷ് ശര്‍മ നോക്കിയത്. എന്നാല്‍ സുയാഷിന്‍റെ നീക്കം മനസിലാക്കിയ സഞ്‌ജു ഇടതുവശത്തേക്ക് നീങ്ങി ഇതുപൊളിച്ചു.
അവസാന പന്ത് ആയതുകൊണ്ടു തന്നെ തൊട്ടടുത്ത ഓവറില്‍ സ്‌ട്രൈക്കിലെത്തുന്ന ജയ്‌സ്വാളിനോട് സിക്‌സടിക്കാന്‍ ആവശ്യപ്പെടുന്ന സഞ്‌ജുവിനെയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. ജയ്‌സ്വാളിന്‍റെ സിക്‌സര്‍ ശ്രമം ബൗണ്ടറിയില്‍ അവസാനതോടെ താരത്തിന് സെഞ്ചുറിയിലെത്താനായില്ലെങ്കിലും സഞ്‌ജുവിന്‍റെ ആ പ്രവര്‍ത്തി കയ്യടി നേടിയിരുന്നു.
ALSO READ: WI vs IND | 'തിലകിന് അര്‍ധ സെഞ്ചുറി നിഷേധിച്ച സ്വാര്‍ഥന്‍' ; ഹാര്‍ദിക്കിനെ നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍
ഇതോടെ സഹതാരങ്ങളെ എങ്ങനെ പിന്തുണയ്‌ക്കണമെന്ന് ധോണി തന്‍റെ മാതൃകയാണെന്ന് നാഴികക്ക് നാല്‍പ്പതുവട്ടം പറയുന്ന ഹാര്‍ദിക് സഞ്‌ജുവില്‍ നിന്നെങ്കിലും പഠിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. തിലകിന് അര്‍ധ സെഞ്ചുറി നിഷേധിച്ച ഹാര്‍ദിക്കിന്‍റെ പ്രവര്‍ത്തി ഒരു വെറും ക്യാപ്റ്റനും യഥാര്‍ഥ നായകനും തമ്മിലുള്ള വ്യത്യാസമാണ് കാണിക്കുന്നതെന്നുമാണ് ഇക്കൂട്ടര്‍ ഉറപ്പിക്കുന്നത്.