ട്രിനിഡാഡ് :വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് (India) തോല്‍വി. ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ (Brian Lara Cricket Academy Stadium) നടന്ന മത്സരത്തില്‍ ബൗളര്‍മാരുടെ കരുത്തില്‍ ഇന്ത്യയെ പൂട്ടി നാല് റണ്‍സിന്‍റെ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. വിന്‍ഡീസ് ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്‌ക്ക് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്‌ടത്തില്‍ 145 റണ്‍സേ നേടാനായിരുന്നുള്ളൂ.
അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ആദ്യ മത്സരത്തിനിറങ്ങിയ യുവതാരം തിലക് വര്‍മയാണ് (Tilak Varma) ഇന്ത്യയുടെ ടോപ് സ്‌കോറര്‍ (22 പന്തില്‍ 39). ആറാമനായി ക്രീസിലെത്തിയ സഞ്ജു സാംസണ്‍ 12 പന്തില്‍ 12 റണ്‍സുമായി റണ്‍ഔട്ട് ആവുകയായിരുന്നു. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് 1-0ന് മുന്നിലെത്തി.
അത്ര മികച്ച തുടക്കമായിരുന്നില്ല രണ്ടാമത് ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ ഇന്ത്യയ്‌ക്ക് ലഭിച്ചത്. അഞ്ച് ഓവര്‍ പൂര്‍ത്തിയാകും മുന്‍പ് തന്നെ ഓപ്പണര്‍മാരെ ഇന്ത്യയ്‌ക്ക് നഷ്‌ടമായിരുന്നു. മൂന്നാം ഓവറില്‍ ശുഭ്‌മാന്‍ ഗില്ലിനെ (3) അകേല്‍ ഹൊസൈനും അഞ്ചാം ഓവറില്‍ ഇഷാന്‍ കിഷനെ (5) ഒബെഡ് മക്കോയും മടക്കി.
മൂന്നാം വിക്കറ്റില്‍ തിലക് വര്‍മയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് റണ്‍സ് കണ്ടെത്തിയതോടെ ഇന്ത്യന്‍ ക്യാമ്പില്‍ പ്രതീക്ഷകള്‍ ഉടലെടുത്തു. നാലാമനായി ക്രീസിലെത്തിയ തിലക് വര്‍മ സിക്‌സറോടെയായിരുന്നു അന്താരാഷ്‌ട്ര കരിയറിലെ ആദ്യ റണ്‍സ് കണ്ടെത്തിയത്. തിലക് തകര്‍ത്തടിച്ചെങ്കിലും മറുവശത്തുണ്ടായിരുന്ന സൂര്യയ്‌ക്ക് പതിവ് ശൈലിയില്‍ ബാറ്റ് വീശാന്‍ കഴിഞ്ഞിരുന്നില്ല.
പത്താം ഓവറില്‍ സൂര്യയെ (21) മടക്കി ജേസണ്‍ ഹോള്‍ഡറാണ് ഇരുവരുടെയും കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറില്‍ റൊമാരിയോ ഷെഫേര്‍ഡ് തിലക് വര്‍മയുടെയും വിക്കറ്റ് സ്വന്തമാക്കി. പിന്നീട്, നായകന്‍ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) - സഞ്ജു സാംസണ്‍ (Sanju Samson) സഖ്യത്തിലായിരുന്നു ഇന്ത്യന്‍ പ്രതീക്ഷകള്‍.
അഞ്ചാം വിക്കറ്റില്‍ ഇരുവരും 36 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍, പതിനാറാം ഓവറില്‍ കളിയുടെ നിയന്ത്രണം വിന്‍ഡീസ് സ്വന്തമാക്കി. ഓവറിലെ ആദ്യ പന്തില്‍ ഹാര്‍ദിക്കിനെ (19) ക്ലീന്‍ ബൗള്‍ഡാക്കിക്കൊണ്ട് ഹോള്‍ഡര്‍ ആതിഥേയര്‍ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. ആ ഓവറിലെ മൂന്നാം പന്തില്‍ കയില്‍ മയേഴ്‌സിന്‍റെ നേരിട്ടുള്ളൊരു ഏറില്‍ സഞ്ജു റണ്‍ഔട്ട് ആവുകയും ചെയ്‌തതോടെ ഇന്ത്യ ആറിന് 113 എന്ന നിലയിലേക്ക് വീണു.
പിന്നാലെ, 19-ാം ഓവറില്‍ കൂറ്റന്‍ അടിക്ക് ശ്രമിച്ച് അക്സര്‍ പട്ടേലും മടങ്ങിയതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു. വാലറ്റത്ത് അര്‍ഷ്‌ദീപ് സിങ് രണ്ട് ബൗണ്ടറി ഉള്‍പ്പടെ 7 പന്തില്‍ 12 റണ്‍സുമായി പൊരുതിയെങ്കിലും ടീമിനെ ജയത്തിലേക്ക് നയിക്കാന്‍ അത് പോരുമായിരുന്നില്ല. ഇതിനിടെ കുല്‍ദീപ് യാദവിന്‍റെ (3) വിക്കറ്റും ഇന്ത്യയ്‌ക്ക് നഷ്‌ടപ്പെട്ടിരുന്നു.
യുസ്‌വേന്ദ്ര ചാഹല്‍, മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ റണ്‍സുമായി പുറത്താകാതെ നിന്നു. വിന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡര്‍, ഒബെഡ് മക്കോയ്, റൊമാരിയോ ഷെഫേര്‍ഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ വിന്‍ഡീസ് ക്യാപ്‌റ്റന്‍ റോവ്‌മന്‍ പവലിന്‍റെയും (48) വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നിക്കോളസ് പുരാന്‍റെയും (41) ബാറ്റിങ് മികവിലാണ് ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 149 റണ്‍സ് നേടിയത്. ഇന്ത്യയ്‌ക്കായി അര്‍ഷ്‌ദീപ് സിങ്ങും യുസ്‌വേന്ദ്ര ചാഹലും രണ്ട് വിക്കറ്റുകള്‍ വീതം നേടി.