ട്രിനിഡാഡ് : ടെസ്റ്റ് ഏകദിന പരമ്പരകള്‍ക്ക് പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) ടി20 പരമ്പരയിലും പിടിമുറുക്കാന്‍ ഇന്ത്യ (India) ഇന്നിറങ്ങും. സീനിയര്‍ താരങ്ങളായ നായകന്‍ രോഹിത് ശര്‍മയും (Rohit Sharma) വിരാട് കോലിയും (Virat Kohli) ഇല്ലാതെ യുവതാരനിരയാണ് വിന്‍ഡീസില്‍ ഹര്‍ദിക് പാണ്ഡ്യയ്‌ക്ക് (Hardik Pandya) കീഴില്‍ അണിനിരക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ട്രിനിഡാഡിലെ ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ (Brian Lara Cricket Academy Stadium) ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് ആരംഭിക്കും.
ടി20 ലോകകപ്പിന് മുന്നോടിയായി പുതിയ ടീം ഇന്ത്യയെ വാര്‍ത്തെടുക്കാനുള്ള പദ്ധതികള്‍ ഈ പരമ്പരയോടെ ആരംഭിക്കുമെന്നാണ് സൂചന. ഇതിന്‍റെ ഭാഗമായിട്ടാണ് ബിസിസിഐ വിന്‍ഡീസിനെതിരായ പരമ്പരയില്‍ കൂടുതല്‍ യുവതാരങ്ങളെ പരിഗണിച്ചിരിക്കുന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഐപിഎല്ലില്‍ തകര്‍ത്തടിച്ച യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ എന്നിവരും ടീമിലേക്ക് എത്തിയത്.
ഐപിഎല്ലിന് പുറമെ വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവച്ച യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal) ഇന്ന് ഇന്ത്യയുടെ ടി20 ടീമിലും അരങ്ങേറാനാണ് സാധ്യത. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ശുഭ്‌മാന്‍ ഗില്ലിനൊപ്പം ഓപ്പണര്‍ റോളിലാകും ജയ്‌സ്വാള്‍ എത്തുക. ജയ്സ്വാള്‍ ടീമിലേക്ക് എത്തുകയാണെങ്കില്‍ ഇഷാന്‍ കിഷന് (Ishan Kishan) വിശ്രമം അനുവദിച്ചേക്കും.
വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലും മൂന്ന് ഏകദിനങ്ങളിലും മികച്ച പ്രകടനം നടത്തിയ ഇഷാന്‍ കിഷനെ മധ്യനിരയില്‍ പരീക്ഷിക്കാന്‍ സാധ്യത കാണുന്നില്ല. ഇഷാന്‍ കിഷന് വിശ്രമം അനുവദിച്ചാല്‍ സഞ്‌ജു സാംസണ്‍ (Sanju Samson) ആയിരിക്കും നാലാം നമ്പറില്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗ അണിയുക. സൂര്യകുമാര്‍ യാദവ്, ക്യാപ്‌റ്റന്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവരുടെ ബാറ്റിങ്ങും ഇന്ത്യയ്‌ക്ക് നിര്‍ണായകമാകും.
ഏകദിന പരമ്പരയില്‍ നിറം മങ്ങിയ ലോക ഒന്നാം നമ്പര്‍ ബാറ്ററായ സൂര്യ ടി20യില്‍ കത്തിക്കയറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ബൗളര്‍മാരില്‍ അര്‍ഷ്‌ദീപ് സിങ്ങിന്‍റെ മടങ്ങിവരവാണ് ഏറെ ശ്രദ്ധേയം.