ബാര്‍ബഡോസ് :വമ്പന്‍ പരീക്ഷണങ്ങള്‍ ബാറ്റിങ് ഓര്‍ഡറില്‍ നടത്തിയ വെസ്‌റ്റ് ഇന്‍ഡീസിനെതിരായ (West Indies) ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് (India) ജയം. 115 റണ്‍സ് വിജയലക്ഷ്യം 22.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് ഇന്ത്യ മറികടന്നത്. ബാറ്റിങ്ങില്‍ ഇഷാന്‍ കിഷന്‍ (Ishan Kishan) അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ ബൗളിങ്ങില്‍ കുല്‍ദീപ് യാദവിന്‍റെ (Kuldeep Yadav) പ്രകടനമാണ് ആതിഥേയരെ എറിഞ്ഞ് വീഴ്‌ത്തിയത്.
മത്സരത്തില്‍ നായകന്‍ രോഹിത് ശര്‍മ (Rohit Sharma) ഏഴാം നമ്പറിലാണ് ഇന്ത്യയ്‌ക്കായി ബാറ്റ് ചെയ്യാനെത്തിയത്. വിരാട് കോലി (Virat Kohli) മത്സരത്തില്‍ ബാറ്റിങ്ങിന് പോലുമെത്തിയില്ല. മറ്റ് താരങ്ങള്‍ക്ക് അവസരം നല്‍കാനായിരുന്നു ഇരുവരുടെയും ശ്രമമെങ്കിലും ആ പരീക്ഷണത്തില്‍ ഭാഗ്യം കൊണ്ടാണ് ടീം ഇന്ത്യ രക്ഷപ്പെട്ടത്.
കെന്‍സിങ്‌ടണ്‍ ഓവലില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ആതിഥേയര്‍ 23 ഓവറില്‍ 114 റണ്‍സിന് ഓള്‍ഔട്ട് ആയി. ഇന്ത്യയ്‌ക്ക് വേണ്ടി കുല്‍ദീപ് യാദവ് നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റാണ് വീഴ്‌ത്തിയത്. നായകന്‍ ഷായ് ഹോപ് മാത്രമായിരുന്നു വിന്‍ഡീസിനായി പോരാടിയത്.
മറുപടി ബാറ്റിങ്ങില്‍ സര്‍പ്രൈസ് മാറ്റങ്ങളായിരുന്നു ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡറില്‍. മത്സരത്തില്‍ നാലാമനായി ടീമില്‍ ഇടം പിടിച്ച ഇഷാന്‍ കിഷന്‍ ശുഭ്‌മാന്‍ ഗില്ലിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തു. ഇരു യുവതാരങ്ങള്‍ക്കും ചേര്‍ന്ന് പ്രതീക്ഷിച്ചൊരു തുടക്കം ഇന്ത്യയ്‌ക്കായി നല്‍കാനായില്ല.