മുംബൈ :വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിൽ നിരാശാജനകമായ പ്രകടനമായിരുന്നു മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണ്‍ നടത്തിയത്. മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നായി 32 റൺസ് മാത്രമാണ് സഞ്‌ജുവിന് നേടാനായത്. വെറും 10.67 ആണ് ബാറ്റിങ് ശരാശരി.
കരീബിയൻ ടീമിനെതിരെ 12, 7, 13 എന്നിങ്ങനെയായിരുന്നു സഞ്‌ജു സ്‌കോര്‍ ചെയ്‌തത്. ഇതില്‍ രണ്ട് ഇന്നിങ്‌സുകളില്‍ അഞ്ചാം സ്ഥാനത്ത് ബാറ്റ് ചെയ്ത 28-കാരന്‍ മറ്റൊരു ഇന്നിങ്‌സില്‍ ആറാം നമ്പറിലായിരുന്നു കളിക്കാനെത്തിയത്. ഇന്ത്യൻ പ്രീമിയർ ലീഗിലും ആഭ്യന്തര ക്രിക്കറ്റിലും സഞ്‌ജു സാംസൺ സാധാരണയായി മൂന്നോ അല്ലെങ്കില്‍ നാലോ നമ്പറുകളിലാണ് ബാറ്റ് ചെയ്യാനെത്താറുള്ളത് എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.
ഇപ്പോഴിതാ സഞ്‌ജുവിനെ കൈകാര്യം ചെയ്യുന്നതില്‍ ടീം മാനേജ്‌മെന്‍റിന് വീഴ്‌ചയുണ്ടായെന്ന കടുത്ത വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം അഭിഷേക് നായർ. സഞ്‌ജുവിന്‍റെ കഴിവ് പ്രയോജനപ്പെടുത്താന്‍ താരത്തെ മൂന്നാം നമ്പറിലാണ് കളിപ്പിക്കേണ്ടതെന്നാണ് അഭിഷേക് നായർ പറയുന്നത്. അതിനായില്ലെങ്കില്‍ പകരം റിങ്കു സിങ്ങിനെയാണ് കളിപ്പിക്കേണ്ടതെന്നും മുന്‍ താരം അഭിപ്രായപ്പെട്ടു.
"നിങ്ങൾക്ക് സഞ്ജുവിന്‍റെ കഴിവ് കൂടുതൽ പ്രയോജനപ്പെടുത്തണമെങ്കിൽ, മൂന്നാം നമ്പറിലാണ് കളിപ്പിക്കേണ്ടത്. കാരണം അതാണ് അവന്‍റെ നമ്പര്‍. അവിടെ കളിച്ച് ശീലിച്ച അവന്‍, ആ നമ്പറിലാണ് തന്‍റെ കഴിവ് തെളിയിച്ചത്. അതിനായില്ലെങ്കില്‍ സഞ്‌ജുവിനെ കളിപ്പിക്കാതിരിക്കുന്നതാവും നല്ലത്"- അഭിഷേക് നായര്‍ പറഞ്ഞു.