മുംബൈ:ഏതൊരു താരത്തേയും പോലെ ഉയര്‍ച്ച താഴ്‌ചകള്‍ നിറഞ്ഞതാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ കരിയര്‍. മിന്നും പ്രകടനത്തോടെ റണ്‍സടിച്ച് കൂട്ടിയ വിരാട് കോലി (Virat Kohli) ഇന്ത്യയുടെ റണ്‍മെഷീനെന്ന വിശേഷണം സ്വന്തമാക്കിയിരുന്നു. പിന്നീട് മോശം ഫോമിന്‍റെ പിടിയിലമര്‍ന്ന കാലത്ത് കൊടിയ വിമര്‍ശനങ്ങള്‍ക്ക് നടുവിലായിരുന്നു താരം. എന്നാല്‍ ഇക്കൂട്ടര്‍ക്കുള്ള മറുപടിയുമായി വീണ്ടും റണ്‍വേട്ട തുടങ്ങിയിരിക്കുകയാണ് 35-കാരന്‍.
നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്കായി മികച്ച പ്രകടനമാണ് കോലി നടത്തുന്നത്. അന്താരാഷ്‌ട്ര കരിയറിലെ തന്‍റെ 500-ാം മത്സരമാണ് വിരാട് കോലി വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിക്കുന്നത്. മത്സരത്തിന്‍റെ ആദ്യ ദിനത്തില്‍ നാലാം നമ്പറില്‍ ക്രീസിലെത്തിയ താരം അര്‍ധ സെഞ്ചുറിയുമായി പുറത്താവാതെ നില്‍ക്കുകയാണ്.
മികച്ച ടെക്നിക്കുകളുമായി വിന്‍ഡീസ് പേസര്‍മാരെ നേരിട്ട കോലി 161 പന്തുകളില്‍ എട്ട് ബൗണ്ടറികള്‍ സഹിതം 87 റണ്‍സാണ് ഇതേവരെ നേടിയിട്ടുള്ളത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വിരാട് കോലി പുലര്‍ത്തുന്ന ഈ ആധിപത്യത്തിന് പിന്നില്‍ തികഞ്ഞ അച്ചടക്കമെന്നാണ് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര (Aakash Chopra) അഭിപ്രായപ്പെട്ടിരിക്കുന്നത്.
പോര്‍ട്ട് ഓഫ് സ്‌പെയിനിലെ പ്രകടനത്തോടെ അന്താരാഷ്‌ട്ര കരിയറിലെ 500-ാം മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടുന്ന ആദ്യ താരമായി മാറാനും 35-കാരനായ കോലിക്ക് കഴിഞ്ഞു. വിരാട് കോലിയുടെ ഈ നേട്ടത്തിന് പിന്നില്‍ ഇക്കാരണം തന്നെയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.