മുംബൈ: ക്രിക്കറ്റിനെ ചുറ്റിപ്പറ്റി മാത്രമുള്ള തന്‍റെ ജീവിതം ഒരു സന്യാസിയെപ്പോലെയാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി നയിക്കുന്നെതന്ന് മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ക്രിക്കറ്റിനോടുള്ള വിരാട് കോലിയുടെ അർപ്പണബോധം ഏറെ വ്യക്തമാണ്. അതാണ് താരത്തെ ഇന്നത്തെ നിലയില്‍ എത്തിച്ചതെന്നും ആകാശ് ചോപ്ര.
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലൂടെ കരിയറില്‍ 500 അന്താരാഷ്‌ട്ര മത്സരങ്ങള്‍ എന്ന നേട്ടം വിരാട് കോലി സ്വന്തമാക്കാന്‍ ഇരിക്കെയാണ് ആകാശ് ചോപ്രയുടെ വാക്കുകള്‍. "ക്രിക്കറ്റിനോടുള്ള വിരാട് കോലിയുടെ അർപ്പണബോധം വളരെ വ്യക്തമാണ്, യഥാർത്ഥത്തിൽ അതാണ് അദ്ദേഹത്തെ നിർവചിക്കുന്നത്. ക്രിക്കറ്റിനെ കുറിച്ച് മാത്രമുള്ള തന്‍റെ ജീവിതം ഒരു സന്യാസിയെപ്പോലെയാണ് അദ്ദേഹം നയിച്ചത്.
അതിനാലാണ് വിരാട് കോലിക്ക് ഇന്നത്തെ നിലയില്‍ എത്താന്‍ കഴിഞ്ഞത്. ഏറെ മനോഹരമായ ഗെയിമിന്‍റെ ഇപ്പോഴത്തെ ബ്രാൻഡ് അംബാസഡറാണ് അദ്ദേഹം. ക്രിക്കറ്റിനും ഇന്ത്യന്‍ ക്രിക്കറ്റിനും വേണ്ടി കോലി ചെയ്‌തതിന് നമ്മളെല്ലാവരും അദ്ദേഹത്തോട് നന്ദിയുള്ളവരാണ്" ആകാശ് ചോപ്ര പറഞ്ഞു.
ഇന്ത്യയുടെ റണ്‍മെഷിനെന്ന് വിശേഷണമുള്ള വിരാട് കോലി ഇതിനകം തന്നെ ടീമിന്‍റെ നിവരവധി ഐതിഹാസിക വിജയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുണ്ട്. ഇന്ത്യയുടെ നായകനെന്ന നിലയിലും മികച്ച പ്രകടനം നടത്തിയ താരം ടെസ്റ്റ് ടീമിന് പുതുവഴി കാട്ടുകയും ചെയ്‌തിരുന്നു. ഇതുവരെ ഒമ്പത് താരങ്ങളാണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 500 മത്സരങ്ങള്‍ എന്ന നാഴികകല്ല് പിന്നിട്ടിട്ടുള്ളത്. എന്നാല്‍ അന്താരാഷ്‌ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ആറാമതാണ് നിലവില്‍ വിരാട് കോലി. സെഞ്ചുറികളുടെ കാര്യമെടുത്താന്‍ ഇതിഹാസ താരം സച്ചിന്‍ ടെൻഡുല്‍ക്കർ മാത്രമണ് ഇനി 35-കാരന് മുന്നിലുള്ളത്.