മുംബൈ:വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലൂടെ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണ് വിളിയെത്തിയപ്പോള്‍ ഏറെ പ്രതീക്ഷയിലായിരുന്നു ആരാധകര്‍. മലയാളി താരത്തോടുള്ള സെലക്‌ടര്‍മാരുടെ നിരന്തരമായ അവഗണ അവസാനിച്ചുവെന്നായിരുന്നു ആരാധക ലോകം കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ പരമ്പരയ്‌ക്ക് തുടക്കമായപ്പോള്‍ സ്വന്തക്കാര്‍ക്ക് അവസരം നല്‍കുകയെന്ന പതിവ് രീതി മാനേജ്‌മെന്‍റ് ആവര്‍ത്തിച്ചതോടെ താരത്തിന് വീണ്ടും പുറത്തിരിക്കേണ്ടി വന്നു.
ആദ്യ ഏകദിനത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇഷാന്‍ കിഷന് അവസരം നല്‍കിയപ്പോള്‍ മധ്യനിരയില്‍ സൂര്യകുമാര്‍ യാദവിനെയാണ് ഇന്ത്യ കളിപ്പിച്ചത്. ടി20 ഫോര്‍മാറ്റില്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററാണെങ്കിലും ഏകദിനത്തിലേക്ക് ഈ പ്രകടനം പകര്‍ത്താന്‍ കഴിയാത്ത താരമാണ് സൂര്യകുമാര്‍ യാദവ്. എന്നിരുന്നാലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേയും മാനേജ്‌മെന്‍റിന്‍റേയും അകമഴിഞ്ഞ പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്.
ബാര്‍ബഡോസില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് വിജയിച്ചുവെങ്കിലും വിക്കറ്റ് തുലച്ചുകൊണ്ട് സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തി. ഇതോടെ സഞ്‌ജുവിനായി ശക്തമായി വാദിച്ച് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. രണ്ടാം ഏകദിനത്തിന് ഇന്ന് ഇന്ത്യ വീണ്ടും വിന്‍ഡീസിനെതിരെ ഇറങ്ങുമ്പോള്‍ സഞ്‌ജുവിന് അവസരം ലഭിക്കുമോയെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
എന്നാല്‍ അതിന് സാധ്യതയില്ലെന്നാണ് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര പറയുന്നത്. ആദ്യ മത്സരത്തിലെ പ്ലേയിങ് ഇലവനിലെ പരീക്ഷണങ്ങള്‍ ഇന്ത്യ ഇന്നും തുടരാനാണ് സാധ്യതയെന്നാണ് ആകാശ് ചോപ്ര പറയുന്നത്.