മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മോശം പ്രകടനം കാഴ്‌ചവച്ച മലയാളി ബാറ്റര്‍ സഞ്‌ജു സാംസണ് (Sanju Samson) കനത്ത മുന്നറിയിപ്പുമായി ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര (Aakash Chopra ). ലഭിക്കുന്ന അവസരങ്ങള്‍ ഇങ്ങനെ പാഴാക്കി കളഞ്ഞാല്‍ പിന്നീട് അതേക്കുറിച്ച് ഓര്‍ത്ത് ദു:ഖിക്കേണ്ടിവരുമെന്നാണ് ആകാശ് ചോപ്ര സഞ്‌ജുവിനോട് പറയുന്നത്.
ഇന്ത്യന്‍ ടീമിലേക്ക് അവസരം കാത്ത് ജിതേഷ് ശർമ്മയെപ്പോലുള്ള താരങ്ങള്‍ പുറത്തിരിപ്പുണ്ടെന്നും ആകാശ് ചോപ്ര പറഞ്ഞു. ഇഷാന്‍ കിഷനോടും തനിക്ക് ഇതു തന്നെയാണ് പറയാനുള്ളതെന്നും ഇന്ത്യയുടെ മുന്‍ താരം കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായ അവഗണനകൾക്ക് ഒടുവിലായിരുന്നു സഞ്‌ജുവിന് വിന്‍ഡീസ് പര്യടനത്തിലേക്ക് വിളിയെത്തിയത്. ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ അര്‍ധ സെഞ്ചുറിയുമായി താരം മിന്നിയിരുന്നു. എന്നാല്‍ ടി20 പരമ്പരയിലേക്ക് ഈ പ്രകടനം പകര്‍ത്താന്‍ 28-കാരന് കഴിഞ്ഞില്ല.
ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ 12 പന്തില്‍ 12 റണ്‍സ് മാത്രമാണ് 28-കാരന് നേടാന്‍ കഴിഞ്ഞത്. മത്സരത്തില്‍ നിര്‍ഭാഗ്യകമായി റണ്ണൗട്ടാവുകയായിരുന്നു സഞ്‌ജു. എന്നാല്‍ ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തിലെ രണ്ടാം ടി20യില്‍ ഏഴ് പന്തുകളില്‍ ഏഴ് റണ്‍സ് മാത്രം നേടിയ സഞ്‌ജു വിക്കറ്റ് തുലയ്‌ക്കുകയായിരുന്നു. വിന്‍ഡീസ് സ്‌പിന്നര്‍ അക്കീല്‍ ഹൊസൈനെ ആക്രമിക്കാന്‍ ക്രീസ് വിട്ടിറങ്ങിയ സഞ്‌ജുവിന്‍റെ ശ്രമം പാളിയതോടെ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്‍ സ്റ്റംപ് ചെയ്‌താണ് മലയാളി താരത്തെ തിരിച്ച് കയറ്റിയത്.
സഞ്‌ജുവിന്‍റെ ഒരു മികച്ച ഇന്നിങ്‌സിനായി കാത്തിരുന്ന ആരാധകര്‍ക്ക് കനത്ത നിരാശ നല്‍കുന്നതായിരുന്നുവിത്. ഇതിന് പിന്നാലെ ലഭിക്കുന്ന അവസരം മുതലാക്കാന്‍ കഴിയാത്ത താരമാണ് സഞ്‌ജുവെന്ന വിമര്‍ശനങ്ങളും ശക്തമാവുന്നുണ്ട്. സഞ്‌ജുവിന് ധാരാളം അവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും അതില്‍ അധികവും താരത്തിന് മുതലാക്കാന്‍ കഴിയുന്നില്ലെന്നും ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ പാര്‍ഥിവ് പട്ടേലും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.