മുംബൈ:വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ തീര്‍ത്തും നിരാശാജനകമായ പ്രകടനമായിരുന്നു മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണ്‍ (Sanju Samson ) നടത്തിയത്. അഞ്ച് മത്സര പരമ്പരയില്‍ മൂന്ന് ടി20കളിലും ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചുവെങ്കിലും സഞ്‌ജുവിന്‍റെ ബാറ്റില്‍ നിന്നും റണ്‍സ് പിറന്നില്ല. ആദ്യ രണ്ട് ടി20കളില്‍ മങ്ങിയതിന് കടുത്ത വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കെയായിരുന്നു സഞ്‌ജു ഇന്നലെ നടന്ന അഞ്ചാം മത്സരത്തില്‍ ബാറ്റുചെയ്യാന്‍ ഇറങ്ങിയത്.
ഏറെ നിര്‍ണായക ഘട്ടത്തില്‍ അഞ്ചാം നമ്പറിലാണ് മലയാളി താരം ക്രീസിലെത്തിയത്. പക്ഷെ, 9 പന്തുകളില്‍ 13 റണ്‍സുമായി താരം തിരിച്ച് കയറിയത് മികച്ച ഇന്നിങ്‌സ് പ്രതീക്ഷിച്ച ആരാധകരെ ഏറെ നിരാശരാക്കിയിരുന്നു. ഇതിന് പിന്നാലെ ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ കഴിയാത്ത താരമെന്ന സഞ്‌ജുവിന് എതിരായ വിമര്‍ശനങ്ങള്‍ക്ക് കനം വയ്‌ക്കുകയും ചെയ്‌തു.
എന്നാല്‍ മത്സരത്തില്‍ സഞ്‌ജുവിനെ തുടര്‍ച്ചയായി അഞ്ചാം നമ്പറില്‍ ഇറക്കുന്ന മാനേജ്‌മെന്‍റിന്‍റെ നടപടിയെ ചോദ്യം ചെയ്‌ത് രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര (Aakash Chopra ). ആറാം നമ്പറിനായി ഓഡിഷൻ നടത്തുമ്പോൾ താരത്തെ അഞ്ചാം നമ്പറില്‍ ഇറക്കുന്നതിന്‍റെ യുക്തിയാണ് ആകാശ് ചോപ്ര ചോദ്യം ചെയ്യുന്നത്.
"തിലക് വർമ പുറത്തായതിന് ശേഷം ഇന്ത്യ ഒരിക്കൽ കൂടി അവരുടെ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തി. ഇത്തവണ അവര്‍ സഞ്ജു സാംസണോട് അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാൻ ആവശ്യപ്പെടുകയാണുണ്ടായത്. എന്നിട്ട് ആറാം നമ്പറില്‍ ക്യാപ്റ്റന്‍ ഹാർദിക് പാണ്ഡ്യയും ക്രീസിലെത്തി.
സഞ്‌ജു ഒന്നോ രണ്ടോ നല്ല ഷോട്ടുകള്‍ കളിച്ചിരുന്നു. എന്നാല്‍ പെട്ടെന്ന് പുറത്തായി. ആറാം നമ്പറിനായി ഓഡിഷൻ നടത്തുമ്പോൾ നിങ്ങൾ അവനെ അഞ്ചാം നമ്പറിലേക്ക് ആവർത്തിച്ച് അയയ്ക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇതേവരെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല" ആകാശ് ചോപ്ര പറഞ്ഞു.