മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ബാറ്റിങ് ഓര്‍ഡറില്‍ ഇന്ത്യ വമ്പന്‍ പരീക്ഷണം നടത്തിയിരുന്നുവെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിച്ചിരുന്നില്ല. 115 റൺസ് എന്ന ചെറിയ വിജയ ലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശകര്‍ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്‌ടമായതോടെയാണ് പരീക്ഷണം പാളിയത്. ഇഷാൻ കിഷൻ, ശുഭ്‌മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ശാർദുൽ താക്കൂർ എന്നിവര്‍ക്കെല്ലാം ആദ്യ നമ്പറുകളില്‍ ബാറ്റ് ചെയ്യാന്‍ അവസരം നല്‍കുകയായിരുന്നു മാനേജ്‌മെന്‍റ് ചെയ്‌തത്.
എന്നാല്‍ അര്‍ധ സെഞ്ചുറി നേടിയ ഇഷാന്‍ കിഷന്‍ ഒഴികെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയിരുന്നു. 46 പന്തില്‍ 52 റണ്‍സുമായാണ് ഇഷാന്‍ തിളങ്ങിയത്. പക്ഷെ, ഇഷാന്‍റെ ഈ അര്‍ധ സെഞ്ചുറി നേട്ടം തന്നെ സംബന്ധിച്ച് അര്‍ഥമില്ലാത്തതാണെന്ന് തുറന്നടിച്ചിരിക്കുകയാണ് മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര.
ലോകകപ്പ് ടീമില്‍ രണ്ടാം വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഇഷാന്‍ കിഷന്‍ പരിഗണനയിലുണ്ട്. എന്നാല്‍ ടൂര്‍ണമെന്‍റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്ക് ഒപ്പം ശുഭ്‌മാന്‍ ഗില്ലാവും ഓപ്പണിങ്ങിനെത്തുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ ഓപ്പണറായി ഇറക്കി ഇഷാന്‍ അര്‍ധ സെഞ്ചുറി നേടിയിട്ട് കാര്യമില്ലെന്നാണ് ആകാശ് ചോപ്ര പറയുന്നത്.
മധ്യനിരയിലാണ് താരത്തെ പരീക്ഷിക്കേണ്ടതെന്നു ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. "ലോകകപ്പ് ടീമില്‍ സഞ്ജു സാംസണോ, ഇഷാന്‍ കിഷനോ എന്ന വലിയൊരു ചോദ്യമുണ്ട്. ഇഷാന്‍ കിഷന്‍ ഓപ്പണറായെത്തി നേടിയ അര്‍ധ സെഞ്ചുറി എന്നെ സംബന്ധിച്ച് ഒന്നും അര്‍ഥമാക്കുന്നില്ല. ഇഷാൻ കിഷൻ ഒരു നല്ല കളിക്കാരനാണെന്ന് നമുക്ക് നേരത്തെ തന്നെ അറിയാമായിരുന്നു.