മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ വിജയിച്ചുവെങ്കിലും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. യുവ താരം തിലക് വര്‍മയ്‌ക്ക് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ അനുവദിക്കാത്തതിന് ആയിരുന്നു സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകള്‍ ഹാര്‍ദിക്കിനെ എടുത്തിട്ട് അലക്കിയത്. തിലക് 49* റണ്‍സില്‍ നില്‍ക്കെ സ്‌ട്രൈക്കിലുണ്ടായിരുന്ന ഹാര്‍ദിക് ധോണി സ്‌റ്റൈലില്‍ സിക്‌സറടിച്ചുകൊണ്ട് ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.
ഹാര്‍ദിക്കിന്‍റെ സ്വാര്‍ഥതയാണിതെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. ധാരാളം പന്തുകള്‍ ബാക്കി നില്‍ക്കെ യുവതാരമായ തിലകിന് അര്‍ധ സെഞ്ചുറി നേടാന്‍ ഹാര്‍ദിക്കിന് അവസരം നല്‍കാമായിരുന്നു എന്നായിരുന്നു ഇക്കൂട്ടര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഹാര്‍ദിക്കിന് പിന്തുണയുമായി പ്രശസ്‌ത കമന്‍റേറ്ററും ക്രിക്കറ്റ് പണ്ഡിതനുമായ ഹർഷ ഭോഗ്‌ലെ ഉള്‍പ്പെടെ ചിലര്‍ രംഗത്ത് എത്തിയിരുന്നു.
ടി20 ക്രിക്കറ്റില്‍ അര്‍ധ സെഞ്ചുറി നേടുകയെന്നത് ഒരു നാഴികകല്ല് അല്ലെന്നാണ് ഹർഷ ഭോഗ്‌ലെ വാദിച്ചത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തന്നെ ആശ്ചര്യപ്പെടുത്തിയെന്നും അദ്ദേഹം പ്രതികരിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ വിഷയത്തില്‍ ഹാര്‍ദിക്കിനെ വിടാതെ പിടിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര.
ഹാര്‍ദിക്കിന് തിലകിന് അവസരം നല്‍കാമായിരുന്നുവെന്ന് നേരത്തെ തന്നെ അഭിപ്രായപ്പെട്ട വ്യക്തിയാണ് ആകാശ് ചോപ്ര. എംസ് ധോണി തന്‍റെ പ്രചോദനമാണെന്ന് പലകുറി ആവര്‍ത്തിച്ച ഹാര്‍ദിക്കിനെ അദ്ദേഹത്തിന്‍റെ പേരുചേര്‍ത്തുവച്ചുകൊണ്ട് തന്നെയാണ് ആകാശ് ചോപ്ര വീണ്ടും എയറില്‍ കയറ്റുന്നത്. എംഎസ് ധോണി തന്‍റെ വലിയ പ്രചോദനമാണെന്ന് എപ്പോഴും പറയുന്ന താരമാണ് ഹാര്‍ദിക്. എന്നാല്‍ ആരാധ്യ പുരുഷനാണെങ്കിലും ഹാര്‍ദിക്കിന് ഒരിക്കലും ധോണിയാവാന്‍ പറ്റില്ലെന്നാണ് ആകാശ് ചോപ്ര പറയുന്നത്.