ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഒപ്പമെത്താന്‍ ഇന്ത്യ നാളെ ഇറങ്ങും. അമേരിക്കയിലെ ഫ്ലോറിഡയിലാണ് നാലാം ടി20 നടക്കുന്നത്. ഫ്ലോറിഡയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം എട്ട് മണിക്കാണ് മത്സരം ആരംഭിക്കുക.
ആദ്യ രണ്ട് മത്സരങ്ങളിലേയും തോല്‍വിക്ക് ശേഷം മൂന്നാം ടി20 പിടിച്ച് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ അഞ്ച് മത്സര പരമ്പരയില്‍ 2-1ന് പിന്നില്‍ നില്‍ക്കെ ഇന്ത്യയ്‌ക്ക് മേല്‍ സമ്മര്‍ദമുണ്ട്. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടി20യില്‍ നാല് റണ്‍സിനും ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ടി20യില്‍ രണ്ട് വിക്കറ്റിനുമായിരുന്നു ആതിഥേയരായ വിന്‍ഡീസ് വിജയം പിടിച്ചത്.
രണ്ട് മത്സരങ്ങളിലും ബാറ്റിങ് നിരയുടെ പരാജയമായിരുന്നു ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്. ഇതോടെ ഗയാനയില്‍ വീണ്ടും മത്സരം പിടിച്ച് പരമ്പര കൂടി നേടാന്‍ ഉറച്ചായിരുന്നു വിന്‍ഡീസ് മൂന്നാം ടി20യ്‌ക്ക് ഇറങ്ങിയത്. എന്നാല്‍ ഏഴ് വിക്കറ്റിന്‍റെ ആധികാരിക വിജയം നേടിയ സന്ദര്‍ശകര്‍ വമ്പന്‍ തിരിച്ചടി നല്‍കി.
ഓപ്പണര്‍മാരായ ശുഭ്‌മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍ (yashasvi jaiswal ) എന്നിവര്‍ നിരാശപ്പെടുത്തിയെങ്കിലും വമ്പനടികളുമായി കളം നിറഞ്ഞ സൂര്യകുമാര്‍ യാദവും ഉറച്ച പിന്തുണ നല്‍കിയ തിലക് വര്‍മയുമാണ് ഇന്ത്യയ്‌ക്ക് കളി അനുകൂലമാക്കിയത്. ടി20യില്‍ യശസ്വി ജയ്‌സ്വളിന്‍റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നുവിത്. മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും താരത്തിന് വീണ്ടും അവസരം നല്‍കാനാണ് സാധ്യത.
ഇതോടെ ഇഷാന്‍ കിഷന്‍ വീണ്ടും പുറത്തിരിക്കുകയും വിക്കറ്റിന് പിന്നില്‍ സഞ്ജു സാംസണ്‍ (sanju samson) തുടരുകയും ചെയ്യും. കളിച്ച രണ്ട് മത്സരങ്ങളിലും ബാറ്റുകൊണ്ട് നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു സഞ്‌ജു നടത്തിയത്. മൂന്നാം ടി20യില്‍ അവസരം ലഭിച്ചിരുന്നില്ലെങ്കിലും വരും മത്സരങ്ങളില്‍ താരം ശ്രദ്ധാകേന്ദ്രമാണ്. ബോളിങ് യൂണിറ്റിലും കാര്യമായ മാറ്റത്തിന് സാധ്യതയില്ല.
പിച്ച് റിപ്പോര്‍ട്ട്:സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്കിലെ പിച്ച് തുടക്കത്തില്‍ ബാറ്റര്‍മാരെ അകമഴിഞ്ഞ് പിന്തുണയ്‌ക്കുന്നതാണ്. ഇതോടെ ഇന്ത്യയും വിന്‍ഡീസും ഏറ്റുമുട്ടുമ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ 200ന് അടുത്ത് റണ്‍സ് പ്രതീക്ഷിക്കാം. എന്നാല്‍ രണ്ടാം ഇന്നിങ്‌സിലേക്ക് എത്തുമ്പോള്‍ പിച്ചിന്‍റെ സ്വഭാവം മാറുകയും ബാറ്റിങ് പ്രയാസമാവുകയും ചെയ്യും. ഇക്കാരണത്താല്‍ തന്നെ ചേസിങ് ഏറെ പ്രയാസകരമാണ്. നേരത്തെ ഇവിടെ കളിച്ച 14 ടി20 മത്സരങ്ങളില്‍ രണ്ട് എണ്ണത്തില്‍ മാത്രമാണ് ചേസ് ചെയ്‌ത ടീമിന് വിജയിക്കാന്‍ കഴിഞ്ഞത്.
ALSO READ: Ishan Kishan| ഐപിഎല്ലിലെ വമ്പന്‍ താരമാവാം, എന്നാല്‍ അന്താരാഷ്‌ട്ര തലത്തില്‍ അതു പ്രതീക്ഷിക്കരുത്; ഇഷാന്‍റെ കിഷനെ കുറിച്ച് ആകാശ് ചോപ്ര
ഇന്ത്യന്‍ സ്‌ക്വാഡ്:ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്‌റ്റന്‍), തിലക് വര്‍മ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിങ്, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, രവി ബിഷ്‌ണോയ്, ഉമ്രാന്‍ മാലിക്ക്, യുസ്‌വേന്ദ്ര ചഹല്‍.
വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ്: ബ്രാന്‍ഡന്‍ കിങ്, ജോണ്‍സണ്‍ ചാള്‍സ്, റോവ്‌മാന്‍ പവല്‍ (ക്യാപ്‌റ്റന്‍), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, കെയ്‌ല്‍ മെയേഴ്‌സ്, നിക്കോളസ് പുരാന്‍, ഷായ് ഹോപ്, ജേസണ്‍ ഹോള്‍ഡര്‍, ഒഡെയ്ന്‍ സ്‌മിത്ത്, റൊമാരിയോ ഷെഫേര്‍ഡ്, റോസ്റ്റേന്‍ ചേസ്, അകീല്‍ ഹൊസെന്‍, ഒബെഡ് മക്കോയ്, ഒഷെയ്‌ന്‍ തോമസ്, അല്‍സാരി ജോസഫ്.