ഫ്ലോറിഡ:വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20യില്‍ ഇന്ത്യയ്‌ക്ക് ബോളിങ്. ടോസ് നേടിയ വിന്‍ഡീസ് നായകന്‍ റോവ്‌മാന്‍ പവല്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങളുമായാണ് വിന്‍ഡീസ് കളിക്കുന്നത്. ജേസൺ ഹോൾഡർ, ഷായ് ഹോപ്പ് എന്നിവര്‍ തിരിച്ചെത്തി. ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മാറ്റങ്ങളില്ലെന്ന് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ അറിയിച്ചു.
ഇന്ത്യ (പ്ലേയിങ് ഇലവൻ): യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ(സി), സഞ്ജു സാംസൺ(ഡബ്ല്യു), അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്‌ദീപ് സിങ്, യുസ്‌വേന്ദ്ര ചഹൽ, മുകേഷ് കുമാർ.
വെസ്റ്റ് ഇൻഡീസ് (പ്ലേയിങ് ഇലവൻ):ബ്രാൻഡൻ കിങ്, കെയ്ൽ മേയേഴ്‌സ്, ഷായ് ഹോപ്പ്, നിക്കോളാസ് പുരാൻ(ഡബ്ല്യു), റോവ്മാൻ പവൽ(സി), ഷിമ്രോൺ ഹെറ്റ്‌മെയർ, ജേസൺ ഹോൾഡർ, റൊമാരിയോ ഷെപ്പേർഡ്, ഒഡെയ്ൻ സ്മിത്ത്, അകേൽ ഹൊസൈൻ, ഒബെഡ് മക്കോയ്.
മത്സരം ലൈവായി കാണാന്‍: വെസ്റ്റ് ഇന്‍ഡീസ് vs ഇന്ത്യ നാലാം ടി20 ടിവിയില്‍ ഡിഡി സ്‌പോര്‍ട്‌സ് (DD Sports) ചാനലിലൂടെയാണ് തത്സമയ സംപ്രേഷണം ചെയ്യുന്നത്. ഫാന്‍കോഡ് (FanCode), ജിയോ സിനിമ (JioCinema) എന്നിവയുടെ ആപ്ലിക്കേഷനിലൂടെ വെബ്‌സൈറ്റിലൂടെയും മത്സരം കാണാം.
ഫ്ലോറിഡയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. ഇവിടെ ഇതിന് മുമ്പ് നടന്ന 13 ടി20 മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്‌ത ടീമാണ് വിജയിച്ചതെന്ന കണക്ക് വിന്‍ഡീസിന് അത്മവിശ്വാസം നല്‍കുന്നതാണ്. പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ നിലവില്‍ 2-1ന് പുറകിലാണ് ഇന്ത്യയുള്ളത്.
ഇതോടെ അഞ്ച് മത്സര പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യയ്‌ക്ക് ഇന്ന് വിജയം അനിവാര്യമാണ്. മറുവശത്ത് വിജയം പിടിക്കാനായല്‍ വിന്‍ഡീസിന് പരമ്പരയും തൂക്കാം. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടി20യും, ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ടി20യും വെസ്റ്റ് ഇന്‍ഡീസ് വിജയിച്ചിരുന്നു.
ആദ്യ മത്സരത്തില്‍ നാല് റണ്‍സിനും രണ്ടാം ടി20യില്‍ രണ്ട് വിക്കറ്റിനുമായിരുന്നു ആതിഥേയര്‍ ജയിച്ച് കയറിയത്. എന്നാല്‍ മൂന്നാം ടി20യില്‍ ഇന്ത്യ തിരിച്ചടി. പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിന്‍റെ ആധികാരിക വിജയമായിരുന്നു ടീം നേടിയത്. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ബാറ്റിങ് നിര ഉണര്‍ന്ന് കളിച്ചതാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്.
അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാവും ശക്തമായ പിന്തുണ നല്‍കിയ തിലക് വര്‍മയുമായിരുന്നു ടീമിനെ അനായാസ വിജയത്തിലേക്ക് നയിച്ചത്. അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ യശസ്വി ജയ്‌സ്വാളിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. യശസ്വി ജയ്‌സ്വാളിനൊപ്പം ശുഭ്‌മാന്‍ ഗില്ലുള്‍പ്പെടെയുള്ള താരങ്ങള്‍ മികവിലേക്ക് ഉയര്‍ന്നാല്‍ ഇന്ത്യയെ പിടിച്ച് കെട്ടാന്‍ വിന്‍ഡീസ് വിയര്‍ക്കും. മലയാളി താരം സഞ്‌ജു സാംസണ്‍ ശ്രദ്ധാ കേന്ദ്രമാണ്.
ആദ്യ രണ്ട് ടി20കളിലും ബാറ്റിങ്ങിന് അവസരം ലഭിച്ച സഞ്‌ജു നിരാശപ്പെടുത്തിയിരുന്നു. ഇതോടെ ലഭിച്ച അവസരം മുതലാക്കാന്‍ കഴിയാത്ത താരമെന്ന കടുത്ത വിമര്‍ശനമാണ് മലയാളി താരത്തിന് നേരിടേണ്ടി വന്നത്. മൂന്നാം ടി20യില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാതിരുന്ന താരത്തിന്‍റെ ഇന്നത്തെ പ്രകടനം ഏറെ വിലയിരുത്തപ്പെടും.
ALSO READ: തിലകിനും ജയ്‌സ്വാളിനും പുതിയ റോള്‍; ഇനി കളിയാകെ മാറും, വമ്പന്‍ പദ്ധതി തയ്യാറെന്ന് പരാസ് മാംബ്രെ