മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായെ ആക്രമിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ സപ്‌ന ഗില്ലിനെയാണ് ഒഷിവാര പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചതിന് സപ്‌നയും സുഹൃത്തുക്കളും ചേര്‍ന്ന് പൃഥ്വി ഷായെയും സുഹൃത്തിനെയും ആക്രമിക്കുകയും കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തുവെന്നുമാണ് പരാതി.
അതേസമയം സംഭവസമയത്ത് കയ്യിലുണ്ടായിരുന്ന ബാറ്റ് ഉപയോഗിച്ച് സപ്‌ന ഗില്ലിനെ ആക്രമിച്ച പൃഥ്വി ഷാ പിറ്റേദിവസം തങ്ങള്‍ക്ക് എതിരായി പരാതി നല്‍കുകയായിരുന്നുവെന്ന് യുവതിയുടെ അഭിഭാഷകന്‍ അലി കാഷിഫ് ഖാന്‍ പ്രതികരിച്ചിരുന്നു. സംഭവ സമയത്ത് പൃഥ്വി ഷാ മദ്യപിച്ചിരുന്നതായും അഭിഭാഷകന്‍ പറഞ്ഞിരുന്നു.
സപ്‌ന ഗില്‍ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍
ആരാണ് സപ്‌ന ഗില്‍: ചണ്ഡിഗഢ് സ്വദേശിനിയായ സപ്‌ന നിലവില്‍ മുംബൈയിലാണ് താമസിക്കുന്നത്. ഭോജ്‌പൂരിയിലടക്കം നിരവധി ചിത്രങ്ങളിലും സപ്‌ന അഭിനയിച്ചിട്ടുണ്ട്. കാശി അമർനാഥ്, നിർഹുവ ചലാൽ ലണ്ടൻ, മേര വതൻ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
ഇൻസ്റ്റഗ്രാമിൽ 2,20,000ല്‍ ഏറെ ഫോളോവേഴ്‌സാണാണ് ഇവര്‍ക്കുള്ളത്. ഇതിന് പുറമെ വീഡിയോ ഷെയറിങ് ആപ്പായ ജോഷ്, മെസേജിങ് ആപ്പായ സ്‌നാപ്പ് ചാറ്റ്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലും ഇവര്‍ സജീവമാണ്.
സെല്‍ഫിയില്‍ തുടക്കം:കഴിഞ്ഞ ബുധാനാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. തുടര്‍ന്ന് വ്യാഴാഴ്‌ചയാണ് പൃഥ്വിയുടെ സുഹൃത്ത് ആശിഷ് പൊലീസില്‍ പരാതി നല്‍കിയത്. സെല്‍ഫിയെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഒടുവില്‍ ഏറ്റുമുട്ടലില്‍ കലാശിച്ചത്.
മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ സുഹൃത്തിനൊപ്പം അത്താഴം കഴിക്കാനെത്തിയ പൃഥ്വി ഷായോട് സപ്‌ന ഗില്ലും സുഹൃത്ത് ശോഭിത് താക്കൂറും സെൽഫി ആവശ്യപ്പെട്ടു. സെൽഫിക്ക് പൃഥ്വി തയ്യാറായെങ്കിലും കുറച്ചുകഴിഞ്ഞ് വീണ്ടും ഇവർ സെൽഫി ആവശ്യപ്പെട്ട് എത്തിയതോടെ താരം അത് നിഷേധിക്കുകയായിരുന്നു. സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയതാണെന്നും ശല്യപ്പെടുത്തരുതെന്നും താരം ആവശ്യപ്പെട്ടു.
തുടർന്നും ശല്യം ചെയ്‌തതോടെ പൃഥ്വി ഹോട്ടൽ മാനേജരേയും സുഹൃത്തുക്കളേയും വിളിക്കുകയായിരുന്നു. ഇതോടെ ഹോട്ടൽ മാനേജരെത്തി പ്രതികളെ ഹോട്ടലിന് പുറത്താക്കി. എന്നാല്‍ ഹോട്ടലിന് പുറത്ത് കാത്തിരിന്ന സംഘം പുറത്തെത്തിയ താരത്തെ പിന്തുടർന്ന് ആക്രമിക്കുകയുമായിരുന്നു. പിന്നാലെ 50000 രൂപ തന്നില്ലെങ്കിൽ യുവതിയെ ആക്രമിച്ചു എന്നാരോപിച്ച് കള്ളക്കേസ് നൽകുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും ആശിഷ് പരാതിയിൽ ആരോപിക്കുന്നു.
എന്നാല്‍ പൃഥ്വിഷായും സുഹൃത്തും ചേർന്ന് തന്നെ ശാരീരികമായി ഉപദ്രവിച്ചു എന്ന് ആരോപിച്ച് സപ്‌ന ഗിൽ രംഗത്തെത്തിയിരുന്നു. പൃഥ്വി ഷായും സുഹൃത്തും ചേർന്ന് ബാറ്റ് ഉപയോഗിച്ച് തന്നെ ആക്രമിച്ചുവെന്നാണ് യുവതിയുടെ ആരോപണം. മെഡിക്കൽ ടെസ്റ്റിന് പോകാൻ പൊലീസ് അനുവദിക്കുന്നില്ലെന്നും യുവതി പറഞ്ഞിരുന്നു.
അതേസമയം ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം കഴിഞ്ഞ ജനുവരയില്‍ ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് തിരിച്ചെത്താന്‍ പൃഥ്വി ഷായ്‌ക്ക് കഴിഞ്ഞിരുന്നു. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്‌ക്കുള്ള സ്‌ക്വാഡില്‍ ഇടം നേടിയെങ്കിലും ഒരു മത്സരത്തിൽ പോലും താരത്തെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല.
2018ൽ തന്‍റെ ടെസ്റ്റിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ വരവറിയിച്ച പൃഥ്വി ഷാ 2020 ഡിസംബറിന് ശേഷം റെഡ് ബോൾ ക്രിക്കറ്റ് കളിച്ചിട്ടില്ല. 2021ൽ ധവാന്‍റെ നേതൃത്വത്തിലുള്ള ശ്രീലങ്കൻ പര്യടനത്തിലാണ് താരം അവസാനമായി ഇന്ത്യക്കായി വൈറ്റ് ബോൾ ക്രിക്കറ്റ് കളിച്ചത്.
ALSO READ:'കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്ന അലസന്മാർക്ക് മറ്റൊന്നും ചെയ്യാനില്ല'; ട്രോളുകൾക്കെതിരെ പ്രതികരിച്ച് ജഡേജ