ഹൈദരാബാദ്:ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഇംപാക്‌ട് പ്ലെയറായും ഫിനിഷര്‍ റോളിലും വെടിക്കെട്ട് പ്രകടനം നടത്തി എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഉള്‍പ്പടെ ഞെട്ടിച്ച ധ്രുവ് ജുറെലിനെ ഓര്‍മയില്ലേ...? അതേ 22കാരനാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ സ്ക്വാഡിലും ഇടം പിടിച്ചിരിക്കുന്നത്.
ഇഷാന്‍ കിഷന്‍ ടീമില്‍ ഇല്ലാത്ത സാഹചര്യത്തില്‍ കെഎല്‍ രാഹുല്‍, കെഎസ് ഭരത് എന്നിവര്‍ക്കൊപ്പം മൂന്നാം വിക്കറ്റ് കീപ്പറായാണ് ഉത്തര്‍പ്രദേശുകാരനായ താരത്തെ ബിസിസിഐ ഇന്ത്യയുടെ 16 അംഗ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനം മാത്രമല്ല സമീപകാലത്തെ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഫോമും കൂടിയാണ് താരത്തിന് ഇന്ത്യന്‍ ടീമിലേക്ക് വഴി തുറന്നിരിക്കുന്നത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കഴിഞ്ഞ വര്‍ഷം അരങ്ങേറിയ താരം 15 മത്സരങ്ങളില്‍ നിന്നും ഇതുവരെ 46 ശരാശരിയില്‍ 790 റണ്‍സും അടിച്ചെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമിനായി കളത്തിലിറങ്ങി അര്‍ധസെഞ്ച്വറിയടിക്കാനും ധ്രുവ് ജുറെലിനായിരുന്നു.
ബാറ്റിനായി കടം വാങ്ങി, കിറ്റ് മേടിക്കാന്‍ സ്വര്‍ണം വിറ്റു:വളര്‍ന്നുവരുന്ന യുവതാരങ്ങള്‍ക്കും പ്രചോദനമാണ് എളിയ പശ്ചാത്തലത്തില്‍ നിന്നും ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്‍റെ ജഴ്‌സി അണിയാന്‍ ഒരുങ്ങുന്ന ധ്രുവ് ജുറെലിന്‍റെ കഥ. ആര്‍മി സ്‌കൂളിലായിരുന്നു ധ്രുവിന്‍റെ വിദ്യാഭ്യാസം. അവിടുത്തെ അവധിക്കാലത്ത് താരം ആഗ്രയിലെ ഏകലവ്യ സ്റ്റേഡിയത്തില്‍ നടന്നിരുന്ന ക്രിക്കറ്റ് ക്യാമ്പില്‍ ചേരാന്‍ പദ്ധതിയിട്ടിരുന്നു.
മാതാപിതാക്കള്‍ അറിയാതെയാണ് ഈയൊരു തീരുമാനം അന്ന് ധ്രുവ് ജുറെല്‍ എടുത്തത്. ക്യാമ്പില്‍ ചേരാനുള്ള ആഗ്രഹത്തോടെ അവിടുത്തെ രജിസ്‌ട്രേഷന്‍ നടപടികളുടെ ഭാഗമായുള്ള ഫോം ഉള്‍പ്പടെ നല്‍കിയ ശേഷമായിരുന്നു താരത്തിന്‍റെ അച്ഛന്‍ ഈ കാര്യം അറിയുന്നത്. പിന്നാലെ, അച്ഛന്‍ തന്നോട് ദേഷ്യപ്പെട്ടിരുന്ന കാര്യം താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള ധ്രുവ് ജുറെലിന്‍റെ പിതാവ് നേം സിങ് ജുറെലിന് തന്‍റെ മകനും ഇന്ത്യന്‍ സൈന്യത്തിന്‍റെ ഭാഗമാകണം എന്ന ആഗ്രഹമായിരുന്നു ഉണ്ടായിരുന്നത്. സൈന്യത്തില്‍ അല്ലെങ്കില്‍ മകന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആകണം എന്നുമായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. എന്നാല്‍, ക്രിക്കറ്റിനൊപ്പം പോകണമെന്നായിരുന്നു ധ്രുവ് ജുറെലിന്‍റെ തീരുമാനം.