ഡബ്ലിന്‍ :ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഡബ്ലിനിലെ ദ വില്ലേജ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം തുടങ്ങുക. പരിക്കിനെ തുടര്‍ന്നുള്ള ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ജസ്പ്രീത് ബുംറയ്ക്ക് കീഴില്‍ ഒരുപിടി യുവതാരങ്ങളാണ് പരമ്പരയില്‍ ഇന്ത്യയ്ക്കായി കളിക്കാന്‍ ഇറങ്ങുന്നത്.
വിന്‍ഡീസിനെതിരായ കഴിഞ്ഞ ടി20 പരമ്പര കളിച്ച ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ശുഭ്മാന്‍ ഗില്‍, ഇഷാന് കിഷന് എന്നിവരൊന്നും തന്നെ അയര്‍ലന്‍ഡിനെതിരെ കളിക്കുന്നില്ല. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ നയിക്കുന്ന റിതുരാജ് ഗെയ്ക്വാദാണ് വൈസ് ക്യാപ്റ്റന്‍. കഴിഞ്ഞ സെപ്റ്റംബറില്‍ പരിക്കേറ്റ് പുറത്തായ ബുംറ 11 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയ്ക്കായി വീണ്ടും കളത്തിലിറങ്ങാന്‍ ഒരുങ്ങുന്നത്.
ഏഷ്യ കപ്പും പിന്നാലെ ഏകദിന ലോകകപ്പും പടിവാതില്‍ക്കലെത്തി നില്‍ക്കെ പരമ്പരയിലെ ബുംറയുടെ പ്രകടനം ഏറെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം നോക്കിക്കാണുക. വിന്‍ഡീസിനെതിരായ പരമ്പരയില്‍ നിരാശപ്പെടുത്തിയെങ്കിലും വിക്കറ്റ് കീപ്പര്‍ ബാറ്ററായി മലയാളി താരം സഞ്ജു സാംസണ് കളിച്ചേക്കും. പരമ്പരയില്‍ തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യയുടെ ടി20 ടീമില്‍ സഞ്ജുവിന്റെ സ്ഥാനം ചോദ്യചിഹ്നമായി മാറും.
യശസ്വി ജയ്സ്വാള്‍, റിതുരാജ് ഗെയ്ക്വാദ് എന്നിവരാവും ഓപ്പണിങ്ങിനിറങ്ങുക. മൂന്നാം നമ്പറില്‍ സഞ്ജുവിനെ കളിപ്പിക്കാനാണ് സാധ്യത. നേരത്തെ ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ സഞ്ജുവിനെ കളിപ്പിക്കുന്നതിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. നാലാം നമ്പറില്‍ തിലക് വര്‍മ തുടര്‍ന്നേക്കും.