ഡര്‍ബന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. ഡര്‍ബനിലെ കിംഗ്‌സ്‌മീഡില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് ആദ്യ മത്സരം നടക്കുക. (Ind vs Sa T20 Preview) സൂര്യകുമാര്‍ യാദവിന് (Suryakumar Yadav) കീഴില്‍ യുവനിരയാണ് പ്രോട്ടീസിനെതിരെ കളിക്കാന്‍ ഇറങ്ങുന്നത്. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ പരമ്പര 4-1ന് തൂക്കിയ ആത്മവിശ്വാസം സൂര്യയ്‌ക്കും സംഘത്തിനുമുണ്ട്.
ശുഭ്‌മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ ടി20 ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഇതോടെ ടീം സെലക്ഷന്‍ മാനേജ്‌മെന്‍റിനെ സംബന്ധിച്ച് തലവേദനയാണ്. ഗില്‍ മടങ്ങിയെത്തുന്നതോടെ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ തിളങ്ങിയ ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദിനെ പുറത്തിരുത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ത്യയുടെ സാധ്യത ഇലവന്‍ പരിശോധിക്കാം....
ഓപ്പണര്‍മാരായി ശുഭ്‌മാന്‍ ഗില്ലും (Shubman Gill) യശസ്വി ജയ്‌സ്വാളും ഇറങ്ങാനാണ് സാധ്യത. ഏകദിന ലോകകപ്പിന്‍റെ ഇടവേള കഴിഞ്ഞാണ് ഗില്‍ ടീമിലേക്ക് മടങ്ങിയെത്തുന്നത്. ഓസീസിനെതിരെ റുതുരാജ്, യശസ്വി സഖ്യമായിരുന്നു ഇന്ത്യയ്‌ക്കായി ഒപ്പണ്‍ ചെയ്‌തിരുന്നത്. ഗില്ലിനെ കളിപ്പിക്കുകയാണെങ്കില്‍ ടീമിന് വെടിക്കെട്ട് തുടക്കം നല്‍കുന്ന യശസ്വിയുടെ മികവ് കണക്കിലെടുക്കുമ്പോള്‍ തീര്‍ച്ചയായും റുതുരാജ് തന്നെ വഴി തുറന്നേക്കും.
മൂന്നാം നമ്പറില്‍ ശ്രേയസ് അയ്യര്‍ തുടര്‍ന്നേക്കും. ഓസീസിനെതിരായ അവസാന രണ്ട് മത്സരങ്ങളില്‍ കളിച്ച ശ്രേയസ് ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും അവസാന മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു. നാലാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും അഞ്ചാം നമ്പറില്‍ റിങ്കു സിങ്ങും കളിക്കാനിറങ്ങും.