ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവി വാഗ്‌ദാനങ്ങളാണ് ഇഷാൻ കിഷനും ശുഭ്‌മാൻ ഗില്ലും. ടീം അംഗങ്ങൾ എന്നതിലുപരി മികച്ച സുഹൃത്തുക്കൾ കൂടിയാണ് ഇരുവരും. ഇപ്പോൾ ശുഭ്‌മാൻ ഗിൽ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ. എംടിവിയിലെ സൂപ്പർ ഷോ ആയ റോഡീസിലെ ഓഡിഷൻ രംഗങ്ങൾ പുനഃസൃഷ്‌ടിച്ചുകൊണ്ടുള്ള വീഡിയോയാണ് ഗിൽ പങ്കുവച്ചത്.
വീഡിയോയിൽ ഗില്ലിനെക്കൂടാതെ ഇഷാൻ കിഷൻ, യുസ്‌വേന്ദ്ര ചഹൽ എന്നിവരും അഭിനേതാക്കളായുണ്ട്. എംടിവി റോഡീസ് ഷോയിൽ രഘു റാം, രാജീവ്, രൺവിജയ് സിങ് എന്നിവരാണ് ഓഡിഷൻ നടത്തുന്നത്. ഇവരുടെ ആക്രമണാത്മക പെരുമാറ്റവും, ഷോയിൽ മത്സരാർഥികളുമായുള്ള തീവ്രമായ ഇടപെടലുകളും വളരെ പ്രശസ്‌തമാണ്. ആ രംഗങ്ങളാണ് ഗില്ലും കൂട്ടരും പുനഃസൃഷ്‌ടിച്ചത്.