കോയമ്പത്തൂർ : ദുലീപ് ട്രോഫി സ്വന്തമാക്കി അജിന്‍ക്യ രഹാനെ നയിച്ച വെസ്റ്റ് സോൺ. സൗത്ത് സോണിനെ 294 റണ്‍സിന് തോല്‍പ്പിച്ചാണ് വെസ്റ്റ് സോൺ കിരീടം നേടിയത്. വെസ്റ്റ് സോൺ ഉയർത്തിയ 529 എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ആറിന് 154 എന്ന നിലയിൽ അവസാന ദിനമായ ഇന്ന് ബാറ്റിങ് തുടർന്ന സൗത്ത് സോൺ 234 റൺസിന് എല്ലാവരും പുറത്തായി.സ്‌കോര്‍: വെസ്റ്റ് സോണ്‍ 270 & 585/4 ഡിക്ലയേർഡ്. സൗത്ത് സോണ്‍ 327 & 234.
രണ്ടാം ഇന്നിങ്സിൽ ഇരട്ട സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാൾ (265), സെഞ്ച്വറി നേടിയ സർഫറാസ് ഖാൻ (127) എന്നിവരാണ് വെസ്റ്റ് സോണിന് വേണ്ടി മികച്ച ബാറ്റിങ് പുറത്തെടുത്തത്. നാല് വിക്കറ്റ് നേടിയ ഷംസ് മുലാനി, രണ്ട് വിക്കറ്റ് നേടിയ ജയ്‌ദേവ് ഉനദ്ഖട്ട് എന്നിവരാണ് വെസ്റ്റ് സോണിന് വേണ്ടി ബോളിങ്ങില്‍ തിളങ്ങിയത്.
93 റണ്‍സ് നേടിയ രോഹന്‍ കുന്നുമ്മലാണ് രണ്ടാം ഇന്നിങ്‌സിൽ സൗത്ത് സോണിന്‍റെ ടോപ് സ്‌കോറര്‍. വെസ്റ്റ് സോണിന് വേണ്ടി ഇരട്ട സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാളാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ജയ്‌ദേവ് ഉനദ്ഖട്ട് പരമ്പരയിലെ താരമായി.
ആറിന് 154 എന്ന നിലയില്‍ അഞ്ചാംദിനം ആരംഭിച്ച വെസ്റ്റ് സോണിന് ഇന്ന് 80 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ബാക്കി വിക്കറ്റുകൾ നഷ്‌ടമായത്. സായ് കിഷോര്‍ (7), രവി തേജ (53), കൃഷ്‌ണപ്പ ഗൗതം (17), ബേസില്‍ തമ്പി (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് നഷ്‌ടമായത്.
നേരത്തെ, രോഹന്‍ ഒഴികെ സൗത്ത് സോണ്‍ ബാറ്റര്‍മാര്‍ക്കാര്‍ക്കും പിടിച്ചുനില്‍ക്കാന്‍ പോലും സാധിച്ചില്ല. ഇന്ത്യന്‍ താരങ്ങളായ മായങ്ക് അഗര്‍വാള്‍ (14), ഹനുമ വിഹാരി (1), മനീഷ് പാണ്ഡെ (14) എന്നിവര്‍ നിരാശപ്പെടുത്തിയിടത്താണ് രോഹന്‍ മികച്ച പ്രകടനം പുറത്തെടുത്തത്. 100 പന്തില്‍ 14 ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു രോഹന്‍റെ ഇന്നിങ്‌സ്. ബാബ ഇന്ദ്രജിത് (4), റിക്കി ബുയി (13) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.