ട്രിനിഡാഡ്:ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ നടക്കും. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്കാണ് മത്സരം തുടങ്ങുക. ആറരയ്‌ക്കാണ് ടോസ്.
ആദ്യ രണ്ട് എകദിനങ്ങളില്‍ ഓരോന്ന് വീതം വിജയിച്ച ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും നിലവില്‍ പരമ്പരയില്‍ ഒപ്പത്തിനൊപ്പമാണ്. ഇതോടെ നാളെ ട്രിനിഡാഡില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര പിടിക്കാം. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലിലാണ് ആദ്യ രണ്ട് മത്സരങ്ങളും നടന്നത്.
ആദ്യ മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് വിജയിച്ചപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ആറ് വിക്കറ്റിന്‍റെ വിജയവുമായാണ് ആതിഥേയര്‍ ഒപ്പമെത്തിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വമ്പന്‍ പരീക്ഷണങ്ങളാണ് ഇന്ത്യ നടത്തിയിരുന്നത്. നാളെ നടക്കുന്ന 'ഫൈനലില്‍' ഈ പരീക്ഷണം അവസാനിപ്പിച്ച് യഥാര്‍ഥ ഇലവനുമായി സന്ദര്‍ശകര്‍ കളിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മത്സരത്തില്‍ ശ്രദ്ധാകേന്ദ്രം സൂര്യകുമാര്‍ യാദവാണ്.
ടി20 ഫോര്‍മാറ്റിലെ തന്‍റെ മിന്നും പ്രകടനം ഏകദിനത്തിലേക്ക് പകര്‍ത്താന്‍ പ്രയാസപ്പെടുകയാണ് താരം. സമീപ കാലത്ത് ലഭിച്ച അവസരങ്ങളൊന്നും മുതലാക്കാന്‍ സൂര്യയ്‌ക്ക് കഴിഞ്ഞിട്ടില്ല. വിന്‍ഡീസിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളില്‍ 19, 24 എന്നിങ്ങനെയാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്.
സൂര്യയെ പിന്തുണയ്‌ക്കുന്നത് തുടരുമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വീണ്ടും ആവര്‍ത്തിച്ചിരുന്നു. ഇതോടെ നാളെയും താരത്തെ പ്ലേയിങ് ഇലവനില്‍ പ്രതീക്ഷിക്കാം. മത്സരത്തില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സൂര്യയ്‌ക്ക് എതിരായ മുറവിളികള്‍ക്ക് ശക്തി കൂടുമെന്നുറപ്പ്. ഇഷാന്‍ കിഷന് വിശ്രമം അനുവദിച്ചാല്‍ മലയാളി താരം സഞ്‌ജു സാംസണ് പ്ലേയിങ് ഇലവനില്‍ ഇടം ലഭിച്ചേക്കും.
മത്സരം കാണാനുള്ള വഴി: ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ഡിഡി സ്‌പോര്‍ട്‌സ് (DD Sports) ചാനലിലൂടെയാണ് ഇന്ത്യയില്‍ തത്സമയ സംപ്രേഷണം ചെയ്യുന്നത്. ജിയോ സിനിമ (Jio Cinema) ആപ്പ്, വെബ്‌സൈറ്റ് എന്നിവയിലൂടെ മത്സരം ഓണ്‍ലൈനായി സ്‌ട്രീം ചെയ്യും. കൂടാതെ, ഫാന്‍കോഡ് (FanCode) ആപ്പിലൂടെയും മത്സരം ലൈവായി കാണാം.
ഇന്ത്യ ഏകദിന സ്‌ക്വാഡ് :രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശാർദുൽ താക്കുർ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്‌ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാർ.
വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ് :ഷായ് ഹോപ് (ക്യാപ്റ്റന്‍), റോവ്മാന്‍ പവല്‍ (വൈസ് ക്യാപ്റ്റന്‍), അലിക്ക് അതനാസെ, യാന്നിക്ക് കറിയ, കെസി കാര്‍ട്ടി, ഡൊമിനിക് ഡ്രേക്ക്‌സ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, അല്‍സാരി ജോസഫ്, ബ്രാന്‍ഡന്‍ കിങ്, കെയ്‌ല്‍ മെയേഴ്‌സ്, ഗുഡകേഷ് മോട്ടി, ജെയ്‌ഡന്‍ സീല്‍സ്, റൊമാരിയോ ഷെപ്പേര്‍ഡ്, കെവിന്‍ സിന്‍ക്ലെയര്‍, ഒഷെയ്ന്‍ തോമസ്.