ട്രിനിഡാഡ്: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്(24.07.2022) നടക്കും. ക്യൂൻസ് പാർക്ക് ഓവലിൽ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴിനാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തില്‍ മൂന്ന് റണ്‍സിന്‍റെ വിജയം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ഇതോടെ പരമ്പര പിടിക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ഒപ്പമെത്താനാവും വിന്‍ഡീസ് ശ്രമം.
ക്യാപ്‌റ്റൻ ശിഖര്‍ ധവാൻ, ശുഭ്‌മാൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവരുടെ അർധസെഞ്ച്വറികളുടെ കരുത്താണ് ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ജയമൊരുക്കിയത്. സൂര്യകുമാർ യാദവ്, സഞ്‌ജു സാംസണ്‍, ദീപക് ഹൂഡ എന്നിവരടങ്ങുന്ന മധ്യനിര അവസരത്തിനൊത്ത് ഉയരേണ്ടതുണ്ട്. ബോളിങ് യൂണിറ്റില്‍ ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചഹല്‍, പ്രസിദ്ധ് കൃഷ്‌ണ എന്നിവരുടെ പ്രകടനം ഇന്ത്യയ്‌ക്ക് നിര്‍ണായകമാവും.
ഒന്നാം ഏകദിനത്തിനിടെ പരിക്കേറ്റ അക്‌സര്‍ പട്ടേല്‍ കളിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. മറിച്ചാണെങ്കില്‍ ദീപക് ഹൂഡയ്‌ക്ക് സ്‌പിന്‍ ഓള്‍റൗണ്ടറുടെ റോളിലേക്ക് മാറേണ്ടി വരും. ആദ്യ മത്സരത്തില്‍ അഞ്ച് ഓവറുകള്‍ ഹൂഡ എറിഞ്ഞിരുന്നു. എന്നാല്‍ പേസറെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ അര്‍ഷ്‌ദീപിനോ, ആവേശ് ഖാനോ നറുക്ക് വീഴും.
മറുവശത്ത് ആദ്യ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെ തന്നെയാവും നിക്കോളാസ് പുരാന്‍റെ വിൻഡീസ് ഇറങ്ങുക. കൈല്‍ മേയേഴ്‌സ്, ബ്രാണ്ടന്‍ കിങ്, ഷര്‍മ ബ്രൂക്‌സ്, റോവ്‌മാന്‍ പവല്‍, റൊമാരിയോ ഷെപ്പേർഡ്, അൽസാരി ജോസഫ് എന്നിവരുടെ പ്രകടനങ്ങളിലാണ് ആതിഥേയരുടെ പ്രതീക്ഷ. ക്വീന്‍സ് പാര്‍ക്കിലെ വേഗമുള്ള ഔട്ട്‌ഫീല്‍ഡ് ബാറ്റര്‍മാര്‍ക്ക് അനുകൂലമായ ഘടകമാണ്.
എവിടെ കാണാം:ഫാൻ കോഡാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ മത്സരങ്ങളുടെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍. ഫാൻ കോഡ് ആപ്പിലും, ഡിഡി സ്‌പോര്‍ട്‌സിലും മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.