ഗ്രനേഡ :വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആവേശകരമായ ജയം സ്വന്തമാക്കി ഇംഗ്ലണ്ട് (West Indies vs England T20I Series). ക്വീന്‍സ് പാര്‍ക്കില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം ഒരു പന്തും ഏഴ് വിക്കറ്റും ശേഷിക്കെയാണ് ഇംഗ്ലണ്ട് മറികടന്നത് (WI vs ENG 3rd T20I Match Result). ഹാരി ബ്രൂക്കിന്‍റെ (Harry Brook) മാസ്‌മരിക ബാറ്റിങ്ങും ഫില്‍ സാള്‍ട്ടിന്‍റെ (Phil Salt) സെഞ്ച്വറിയുമാണ് മത്സരത്തില്‍ സന്ദര്‍ശകര്‍ക്ക് ജയമൊരുക്കിയത്.
223 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ തുടക്കമാണ് നായകന്‍ ജോസ് ബട്‌ലറും ഓപ്പണര്‍ ഫില്‍ സാള്‍ട്ടും ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 115 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 34 പന്തില്‍ 51 റണ്‍സ് നേടി ജോസ് ബട്‌ലറെ 12-ാം ഓവറിലാണ് ഇംഗ്ലണ്ടിന് നഷ്‌ടപ്പെടുന്നത്.
പിന്നാലെയെത്തിയ വില്‍ ജാക്‌സ് 6 പന്തില്‍ 1 റണ്‍സ് നേടി മടങ്ങിയതോടെ ത്രീലയണ്‍സ് കൂട്ടതകര്‍ച്ചയിലേക്ക് വീഴുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍, പിന്നാലെയെത്തിയ ലിയാം ലിവിങ്‌സ്റ്റണും അനായാസം റണ്‍സ് കണ്ടെത്തിയതോടെ ഇംഗ്ലീഷ് സ്കോര്‍ അതിവേഗം ഉയര്‍ന്നു. 18 പന്തില്‍ 30 റണ്‍സ് നേടിയ ലിവിങ്സ്റ്റണെ റോവന്‍ പവലിന്‍റെ കൈകളിലെത്തിച്ച് ജേസണ്‍ ഹോള്‍ഡര്‍ വിന്‍ഡീസിന് ആശ്വാസം നല്‍കി.
ലിവിങ്സ്റ്റണ്‍ പുറത്താകുമ്പോള്‍ 17.5 ഓവറില്‍ 186 ആയിരുന്നു ഇംഗ്ലണ്ടിന്‍റെ സ്കോര്‍. അവസാന രണ്ട് ഓവറില്‍ 31 റണ്‍സാണ് പിന്നീട് ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. 19-ാം ഓവറില്‍ 10 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അല്‍സാരി ജോസഫ് മത്സരം ടൈറ്റാക്കി.