സെയ്‌ന്‍റ് കീറ്റ്സ്: ഇന്ത്യക്കെതിരായ രണ്ടാം ടി-20യിൽ വിൻഡീസിന് ജയം. അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ആതിഥേയരുടെ ജയം. ലഗേജ് എത്താന്‍ വൈകിയത് മൂലം മൂന്ന് മണിക്കൂര്‍ വൈകി ആരംഭിച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 138 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 19.2 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്‌ടത്തിലാണ് ലക്ഷ്യം മറികടന്നത്.
ആവേശ് ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ 10 റണ്‍സായിരുന്നു ജയിക്കാനായി ആതിഥേയർക്ക് വേണ്ടിയിരുന്നത്. ആദ്യ പന്ത് നോബോളായി, ഇതില്‍ ഒരു റണ്‍ ഓടിയെടുത്തു. ഫ്രീഹിറ്റായ അടുത്ത പന്തില്‍ സിക്‌സർ നേടിയ ഡെവന്‍ തോമസ് അടുത്ത പന്ത് ഫോറും അടിച്ച് ഡെവോൺ തോമസ് വിന്‍ഡീസിന് വിജയമൊരുക്കി. 19 പന്തില്‍ 31 റണ്‍ അടിച്ച ഡെവന്‍ തോമസും 52 പന്തില്‍ 68 റണ്‍സ് നേടിയ ബ്രാന്‍ഡന്‍ കിങും വിന്‍ഡീസ് ബാറ്റിങ് നിരയില്‍ തിളങ്ങി.
വിൻഡീസ് അനായാസമായി ജയിക്കുമെന്ന കരുതിയ മത്സരത്തിൽ അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളർമാരാണ് മത്സരം അവസാന ഓവർ വരെ നീട്ടിയത്. അർഷ്‌ദീപ് സിങ്, രവീന്ദ്ര ജഡേജ, അശ്വിൻ, ഹാർദിക് പാണ്ഡ്യ, ആവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് അത്ര മികച്ച തുടക്കമായിരുന്നില്ല. മത്സരത്തിന്‍റെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്‌ടമായിരുന്നു. പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്‌ടമായ ഇന്ത്യൻ നിരയിൽ 31 റൺസെടുത്ത ഹർദിക് പാണ്ഡ്യയും 27 റൺസെടുത്ത രവീന്ദ്ര ജഡേജയും 24 റൺസെടുത്ത റിഷഭ് പന്തുമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ആറ് വിക്കറ്റുകള്‍ നേടിയ ഒബേദ് മെക്കോയ് ആണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ജേസൻ ഹോൾഡർ രണ്ടും അൽസാരി ജോസഫി, അക്കീൽ ഹൊസെയ്‌ൻ എന്നിവർ ഓരോ വിക്കറ്റും നേടി.
ഈ ജയത്തോടെ വിൻഡീസ് അഞ്ച് മത്സര പരമ്പരയിൽ 1-1 ന് ഒപ്പമെത്തി. ആദ്യ മത്സരം ഇന്ത്യ 68 റണ്‍സിന് ജയിച്ചിരുന്നു. ആദ്യം ബാറ്റുചെയ്‌ത ഇന്ത്യ 190 റണ്‍സെടുത്തപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിന് 20 ഓവറില്‍ എട്ടിന് 122 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.