മുംബൈ : വെസ്റ്റ്ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 15 വര്‍ഷം നീണ്ട അന്താരാഷ്‌ട്ര കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെയാണ് പൊള്ളാര്‍ഡ് പ്രഖ്യാപിച്ചത്. “സൂക്ഷ്മമായ ആലോചനകൾക്ക് ശേഷം ഞാൻ ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചു” ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌ത വീഡിയോയില്‍ പൊള്ളാർഡ് പറഞ്ഞു.
''പലരേയും പോലെ, 10 വയസ്സുള്ള കുട്ടിയായിരുന്ന കാലം മുതൽ വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രതിനിധീകരിക്കുക എന്നത് എന്‍റെ സ്വപ്നമായിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിനെ ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ പ്രതിനിധീകരിച്ചതിൽ ഞാൻ അഭിമാനിക്കുന്നു'' - 34കാരനായ താരം പറഞ്ഞു.
വിന്‍ഡീസിനെ ഏകദിന, ടി20 ഫോര്‍മാറ്റില്‍ നയിച്ച പൊള്ളാര്‍ഡ് 2007ല്‍ സൗത്താഫ്രിക്കയ്‌ക്ക് എതിരായാണ് ഏകദിന അരങ്ങേറ്റം നടത്തിയത്. തുടര്‍ന്ന് 2008ല്‍ ഓസീസിനെതിരെ ടി20യിലും താരം അരങ്ങേറി. വൈറ്റ് ബോള്‍ സ്‌പെഷ്യലിറ്റായ താരം ഒരു ടെസ്റ്റില്‍ പോലും കളിച്ചിട്ടില്ല.
വിന്‍ഡീസിനായി 123 ഏകദിനത്തില്‍ നിന്ന് 26.01 ശരാശരിയില്‍ 2706 റണ്‍സാണ് താരം നേടിയത്. മൂന്ന് സെഞ്ചുറികളും 13 അര്‍ധ സെഞ്ചുറികളുമുള്‍പ്പടെയാണിത്. 101 ടി20 മത്സരങ്ങളില്‍ 135.14 പ്രഹരശേഷിയില്‍ 1,569 റണ്‍സാണ് പൊള്ളാര്‍ഡ് അടിച്ചുകൂട്ടിയത്. 83 റണ്‍സാണ് ടി20യിലെ ഉയര്‍ന്ന സ്കോര്‍.
മീഡിയം പേസ് ബൗളര്‍ കൂടിയായ പൊള്ളാര്‍ഡ് ഏകദിനങ്ങളില്‍ 82 വിക്കറ്റും ടി20യില്‍ 42 വിക്കറ്റും നേടിയിട്ടുണ്ട്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ താരം തുടരും.