വെല്ലിങ്‌ടണ്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിന് ഐതിഹാസിക ജയം. വെല്ലിങ്‌ടണില്‍ നടന്ന പോരാട്ടത്തില്‍ ഒരു റണ്ണിനാണ് കിവീസ് ജയം പിടിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ഫോളോ ഓണ്‍ വഴങ്ങിയ ശേഷമാണ് ആതിഥേയരായ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത്. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയില്‍ അവസാനിച്ചു.
259 റണ്‍സായിരുന്നു ഇംഗ്ലണ്ടിന്‍റെ വിജയലക്ഷ്യം. മത്സരത്തിന്‍റെ അവസാന ദിവസമായ ഇന്ന് 48-1 എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് പുനരാരംഭിച്ചത്. 24 റണ്‍സെടുത്ത സാക് ക്രൗളിയുടെ വിക്കറ്റായിരുന്ന് സന്ദര്‍ശകര്‍ക്ക് നഷ്‌ടമായിരുന്നത്.
ഇന്ന് മത്സരം പുനരാരംഭിച്ചതിന് പിന്നാലെ കൃത്യമായ ഇടവേളകളില്‍ ഇംഗ്ലണ്ടിന്‍റെ വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ന്യൂസിലന്‍ഡിനായി. ബെന്‍ ഡക്കറ്റ് (33), ഒലീ റോബിന്‍സണ്‍ (2), ഒലീ പോപ്പ് (14), ഹാരി ബ്രൂക്ക് (0) എന്നിവര്‍ വേഗത്തില്‍ മടങ്ങി. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി സെഞ്ച്വറിയടിച്ച ഹാരി ബ്രൂക്ക് രണ്ടാം ഇന്നിങ്‌സില്‍ ഒരു പന്ത് പോലും നേരിടാതെ റണ്‍ഔട്ട് ആകുകയായിരുന്നു.
ഇതോടെ 80-5 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് വീണു. പിന്നാലെ ജോ റൂട്ടും ക്യാപ്‌റ്റന്‍ ബെന്‍ സ്റ്റോക്‌സും ചേര്‍ന്നാണ് തകര്‍ച്ചയില്‍ നിന്നും ടീമിനെ രക്ഷിച്ചത്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 121 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
57-ാം ഓവറില്‍ സ്‌കോര്‍ 201 നില്‍ക്കെ സ്റ്റോക്‌സ് (33) പുറത്തായി. പിന്നാലെ ക്രീസില്‍ നിലയുറപ്പിച്ച ജോ റൂട്ടിനെ (95) നീല്‍ വാഗ്നറും മടക്കി. ഇതോടെ ഇംഗ്ലണ്ട് 202-7 ലേക്ക് വീണു.
സ്റ്റുവര്‍ട്ട് ബോര്‍ഡിനും (11) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. വാലറ്റത്ത് ചെറുത്ത് നില്‍പ്പ് നടത്തിയ ബെന്‍ ഫോക്‌സ് വിജയത്തിലെത്തിക്കുമെന്നായിരുന്നു ടീമിന്‍റെ പ്രതീക്ഷ. എന്നാല്‍ സ്‌കോര്‍ 251-ല്‍ നില്‍ക്കെ ഫോക്‌സ് (35) സൗത്തിയുടെ പന്തില്‍ പുറത്തായി.
പിന്നാലെ ക്രീസിലേക്കെത്തിയത് ജെയിംസ് ആന്‍ഡേഴ്‌സണായിരുന്നു. ആന്‍ഡേഴ്‌സണാകട്ടെ ഇംഗ്ലണ്ട് വിജയത്തിന് ഒരു റണ്‍ അകലെ നീല്‍ വാഗ്നറുടെ മുന്നില്‍ വീണു. ഇതോടെ 146 വർഷത്തെ ചരിത്രത്തിൽ ഒരു റണ്ണിന് ടെസ്റ്റ് മത്സരം ജയിക്കുന്ന രണ്ടാമത്തെ ടീമായി ന്യൂസിലൻഡ് മാറി.
രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ നീല്‍ വാഗ്നര്‍ ന്യൂസിലന്‍ഡിനായി നാല് വിക്കറ്റ് വീഴ്‌ത്തി. ക്യാപ്‌റ്റന്‍ ടിം സൗത്തി മൂന്നും മാറ്റ് ഹെൻറി രണ്ട് വിക്കറ്റും മത്സരത്തില്‍ നേടിയിരുന്നു.
മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറിയടിച്ച ന്യൂസിലന്‍ഡ് മുന്‍ ക്യാപ്‌റ്റന്‍ കെയ്‌ന്‍ വില്യംസണ്‍ ആണ് കളിയിലെ താരം. ആദ്യ ടെസ്റ്റിന്‍റെ രണ്ടിന്നിങ്‌സിലും അര്‍ധ സെഞ്ച്വറിയും രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ 186 റണ്‍സും നേടിയ ഹാരി ബ്രൂക്കാണ് പരമ്പരയിലെ താരം.
നേരത്തെ, രണ്ടാം ടെസ്റ്റില്‍ ഫോളോ ഓണ്‍ വഴങ്ങി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡിനായി കെയ്‌ന്‍ വില്യംസണിന് (132) പുറമെ ടോം ബ്ലണ്ടല്‍ (90), ടോം ലാഥം (83), ഡെവോണ്‍ കോണ്‍വെ (61), ഡാരില്‍ മിച്ചല്‍ (54) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
Also Read:ഇന്‍ഡോറില്‍ അശ്വിന് അസൂയാവഹമായ റെക്കോഡ് ; സ്വീപ്പ് ഷോട്ടുകളില്‍ പുനർവിചിന്തനം, തന്ത്രം മാറ്റാന്‍ ഓസ്‌ട്രേലിയ