മുംബൈ : ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ നായകസ്ഥാനം ഒഴിയാനുള്ള എംഎസ് ധോണിയുടെ തീരുമാനം പെട്ടെന്നുള്ളതല്ലെന്ന് കോച്ച് സ്റ്റീഫൻ ഫ്ലെമിങ്. കഴിഞ്ഞ സീസണില്‍ തന്നെ ഇതേപറ്റി ഞങ്ങള്‍ സംസാരിച്ചിരുന്നു. നായകസ്ഥാനം എപ്പോള്‍ ഒഴിയണമെന്നത് സംബന്ധിച്ച തീരുമാനം ധോണിക്ക് വിട്ടുനല്‍കിയിരുന്നതായും ഫ്ലെമിങ് വ്യക്തമാക്കി.
'ഞങ്ങള്‍ അതേക്കുറിച്ച് സംസാരിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ എംഎസ് എന്നോട് സംസാരിച്ച ഒരുകാര്യമാണത്. സമയം തീരുമാനിക്കേണ്ടത് അദ്ദേഹമായിരുന്നു'. ഐപിഎല്‍ 15ാം സീസണിന്‍റെ ഉദ്‌ഘാടന മത്സരത്തിന് ശേഷമുള്ള വെർച്വൽ വാര്‍ത്താസമ്മേളനത്തില്‍ ഫ്ലെമിങ് പറഞ്ഞു.
മത്സരത്തില്‍ ആറ് വിക്കറ്റിന് ചെന്നൈ കൊല്‍ക്കത്തയോട് തോറ്റിരുന്നു. ചെന്നൈ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത നാല് വിക്കറ്റുകള്‍ മാത്രം നഷ്‌ടപ്പെടുത്തി ഒമ്പത് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ലക്ഷ്യം മറികടന്നത്.