കൊല്‍ക്കത്ത: തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും വിജയം നേടിയ ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സര പരമ്പര സ്വന്തമാക്കിയിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ നാല് വിക്കറ്റിന്‍റെ വിജയമാണ് ആതിഥേയര്‍ നേടിയത്. 216 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ മുന്‍നിരയെ തകര്‍ത്ത് പ്രതിരോധത്തിലാക്കാന്‍ ശ്രീലങ്കയ്‌ക്ക് കഴിഞ്ഞിരുന്നുവെങ്കിലും അര്‍ധ സെഞ്ചുറിയുമായി പുറത്താവാതെ നിന്ന കെഎല്‍ രാഹുല്‍ ആതിഥേയരെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
ഇന്ത്യയുടെ വിജയം ആരാധകര്‍ക്ക് മുന്നില്‍ കലക്കന്‍ ഡാന്‍സോടെ ആഘോഷിക്കുന്ന സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെയും ഇഷാന്‍ കിഷന്‍റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. മത്സര ശേഷമുള്ള ലൈറ്റ് ഷോയ്ക്കിടെയാണ് കോലിയും ഇഷാനും ആഹ്ലാദ നൃത്തം ചവിട്ടിയത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ശ്രീലങ്ക 39.4 ഓവറില്‍ 215 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. അര്‍ധസെഞ്ചുറി നേടിയ അരങ്ങേറ്റതാരം നുവനിദു ഫെര്‍ണാണ്ടോയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. മൂന്ന് വീതം വിക്കറ്റുകള്‍ നേടി മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ ചേര്‍ന്നാണ് ലങ്കയെ വീഴ്‌ത്തിയത്.