ഹൈദരാബാദ് :ക്രിക്കറ്റ് ഭ്രാന്തന്മാരുടെ രാജ്യമാണ് ഇന്ത്യയെന്നാണ് പൊതുവെ സംസാരമുള്ളത്. ക്രിക്കറ്റിനായി രാജ്യത്തുടനീളം നിരവധി ക്രിക്കറ്റ് സ്റ്റേഡിയങ്ങളുണ്ടെങ്കിലും നിലവിലെ തലമുറയുടെ ആവശ്യങ്ങൾക്ക് അത് പര്യാപ്തമല്ല. തൽഫലമായി, അനുയോജ്യമല്ലാത്ത സ്ഥലത്ത് ആളുകള്‍ ക്രിക്കറ്റ് കളിക്കാറുണ്ട്.
ഇപ്പോഴിതാ ഫുട്ബോൾ ഗ്രൗണ്ടിലെ ക്രിക്കറ്റ് കളിക്കിടെയുള്ള ഒരു സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. റണ്‍സ് എടുക്കുന്നതിനായി ഓടുന്ന ബാറ്റര്‍ ഗോൾപോസ്റ്റുമായി കൂട്ടിയിടിക്കുന്നതാണ് വീഡിയോയിലുള്ളത്. പോസ്റ്റില്‍ ഇടിച്ച ബാറ്റര്‍ക്ക് എത്രത്തോളം പരിക്ക് പറ്റിയെന്നും സംഭവം എവിടെ നടന്നതാണെന്നും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ ചിരിയും ഒരല്‍പ്പം ആശങ്കയും പടര്‍ത്തിക്കൊണ്ട് പ്രസ്‌തുത വീഡിയോ സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറുന്നുണ്ട്.
വീഡിയോ കാണാം...
1983-ല്‍ കപില്‍ ദേവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഏകദിന ലോകകപ്പ് നേടിയതോടെയാണ് രാജ്യത്ത് ക്രിക്കറ്റിന്‍റെ ജനപ്രീതി കുതിച്ചുയരുന്നത്. ഇന്ത്യയുടെ ആ സ്വപ്‌ന നേട്ടത്തിന് 2023 ജൂണ്‍ 25 ആയ ഇന്ന് 40 വർഷം തികയുകയാണ്. അന്ന് ലോകകപ്പിനായി കപിലും സംഘവും ഇംഗ്ലണ്ടിലേക്ക് പറക്കുമ്പോള്‍ ആരും തന്നെ ഒരു പ്രതീക്ഷയും കല്‍പ്പിച്ചിരുന്നില്ല.
വമ്പന്മാര്‍ ഏറ്റുമുട്ടുന്ന വിശ്വവേദിയില്‍ വട്ട പൂജ്യമായിരുന്നു ഇന്ത്യ. എന്നാല്‍ അട്ടിമറികളോടെ തുടങ്ങിയ കപിലിന്‍റെ ചെകുത്താന്മാര്‍ കപ്പുമായി തിരികെ എത്തിയതോടെ രാജ്യത്ത് ക്രിക്കറ്റിന്‍റെ തലവര തന്നെ മാറി മറിയുകയായിരുന്നു. തുടർച്ചയായ മൂന്നാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ടെത്തിയ വെസ്റ്റ് ഇന്‍ഡീസിനെയാണ് ആദ്യ മത്സരത്തില്‍ ഇന്ത്യ തോല്‍പ്പിച്ചത്.
വമ്പന്മാരായ വിന്‍ഡീസിനെതിരായ 34 റണ്‍സിന്‍റെ വിജയം വലിയ മുന്നേറ്റത്തിന്‍റെ സൂചന തന്നെയാണ് നല്‍കിയത്. രണ്ടാം മത്സരത്തിൽ സിംബാബ്‌വെയെ അഞ്ച് വിക്കറ്റിന് വീഴ്‌ത്തിയെങ്കിലും അടുത്ത മത്സരത്തില്‍ ഓസ്‌ട്രേലിയയോട് 162 റണ്‍സിന്‍റെ തോല്‍വി വഴങ്ങേണ്ടിവന്നു. അഞ്ചാം മത്സരത്തില്‍ വീണ്ടും വിന്‍ഡീസിനെതിരെയാണ് ഇന്ത്യ കളിക്കാന്‍ ഇറങ്ങിയത്. എന്നാല്‍ 66 റണ്‍സിന്‍റെ വിജയം നേടിയ വിന്‍ഡീസ് ഇന്ത്യയോട് ആദ്യ മത്സരത്തിലെ കണക്ക് വീട്ടി.
ഇതോടെ ഏറെ നിര്‍ണായകമായ മത്സരത്തില്‍ സിംബാബ്‌വെയെ തോല്‍പ്പിച്ചുകൊണ്ട് ഇന്ത്യ അവിശ്വസനീയ തിരിച്ചുവരവ് നടത്തി. കപിൽ ദേവിന്‍റെ അപരാജിത സെഞ്ചുറിയുടെ (175 നോട്ടൗട്ട്) മികവിൽ 31 റണ്‍സിനായിരുന്നു ഇന്ത്യ വിജയം നേടിയത്. ഒരു ഇന്ത്യക്കാരന്‍റെ ആദ്യ ഏകദിന സെഞ്ചുറിയും എകദിനത്തില്‍ അന്ന് വരെയുള്ള ഒരു താരത്തിന്‍റെ ഏറ്റവും ഉയർന്ന വ്യക്‌തിഗത സ്‌കോറുമായും ഇതുമാറി.
പിന്നാലെ ഓസീസിനോട് ആദ്യ മത്സരത്തിലെ തോല്‍വിക്ക് 118 റണ്‍സിന്‍റെ ജയം നേടിക്കൊണ്ട് കണക്ക് തീര്‍ത്ത ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യൻമാരായി സെമിയിലുമെത്തി. സെമിയില്‍ കിരീടത്തിന് ഏറ്റവുമധികം സാധ്യതകൾ കൽപ്പിച്ചിരുന്ന ഇംഗ്ലണ്ടായിരുന്നു ഇന്ത്യയുടെ എതിരാളി. എന്നാല്‍ ആറ് വിക്കറ്റിന് വിജയം നേടിക്കൊണ്ട് ഇന്ത്യ കലാശപ്പോരിന് ടിക്കറ്റെടുത്തു.
ALSO READ: 1983 ജൂണ്‍ 25, ക്രിക്കറ്റ് ഇന്ത്യൻ ജനതയുടെ വികാരമായ ദിവസം; കപിലിന്‍റെ ചെകുത്താൻമാരുടെ വിജയത്തിന് 40 വയസ്
കരുത്തരായ വിന്‍ഡീസായിരുന്നു ഫൈനലില്‍ ഇന്ത്യയെ കാത്തിരുന്നത്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ 54.4 ഓവറിൽ 183 റണ്‍സിന് ഓൾഔട്ട് ആയി. ഇതോടെ വിന്‍ഡീസിന് തുടര്‍ച്ചയായ മൂന്നാം കിരീടമെന്ന് പലരും വിധിയെഴുതുകയും ചെയ്‌തു. എന്നാല്‍ വിധി മറ്റൊന്നായിരുന്നു.60 ഓവറിൽ 184 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വെസ്റ്റിൻഡീസ് 140 റണ്‍സിന് പുറത്തായതോടെ ഇന്ത്യയ്‌ക്ക് 43 റണ്‍സിന്‍റെ സ്വപ്‌ന വിജയം.