ദുബായ്: ഇന്‍റര്‍നാഷണല്‍ ടി20 ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദുബായ് ക്യാപിറ്റൽസിനെ ഡെസേർട്ട് വൈപ്പേഴ്‌സ് 22 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് വൈപ്പേഴ്‌സിന്‍റെ ഷെർഫെയ്ൻ റഥർഫോർഡാണ്. 23 പന്തിൽ 50 റൺസ് അടിച്ചുകൂട്ടി ടീമിന് മുതല്‍ക്കൂട്ടായാണ് റഥർഫോർഡ് കളിയിലെ താരമായത്.
ആറ് സിക്‌സറുകളുടെ അകമ്പടിയോടെയായിരുന്നു റഥർഫോർഡിന്‍റെ പ്രകടനം. ഇതിൽ അഞ്ച് സിക്‌സറുകളും കരീബിയന്‍ താരം നേടിയത് ഇന്ത്യൻ ഓഫ് ബ്രേക്ക് ബോളർ യൂസഫ് പഠാന്‍ എറിഞ്ഞ ഒറ്റ ഓവറിൽ ആയിരുന്നു. വൈപ്പേഴ്‌സ് ഇന്നിങ്‌സിന്‍റെ 16-ാം ഓവറിലാണ് യൂസഫ് പഠാനെതിരെ റഥർഫോർഡ് താണ്ഡവമാടിയത്.
റഥർഫോർഡിനൊപ്പം സാം ബില്ലിങ്‌സായിരുന്നു ക്രീസിലുണ്ടായിരുന്നത്. യൂസഫിന്‍റെ ആദ്യ പന്ത് നേരിട്ടത് സാം ബില്ലിങ്സാണ്. സിംഗിളെടുത്ത താരം റഥർഫോർഡിന് സ്ട്രൈക്ക് കൈമാറി. തുടര്‍ന്നുള്ള അഞ്ച് പന്തുകളിലും യൂസഫിനെ നിലം തൊടാന്‍ റഥർഫോർഡ് അനുവദിച്ചില്ല. ഇതോടെ ഈ ഓവറില്‍ യൂസഫ് ആകെ വഴങ്ങിയത് 31 റണ്‍സാണ്.