ചിറ്റഗോങ് : ബംഗ്ലാദേശ് സൃഷ്ടിച്ച ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് ഷാക്കിബ് അൽ ഹസൻ എന്നത് സംശയാതീതമായ കാര്യമാണ്. എന്നാല്‍ വിവാദങ്ങളുടെ തോഴന്‍ കൂടിയാണ് ബംഗ്ലാദേശ് നായകനായ ഷാക്കിബ്. ചിലപ്പോഴൊക്കെ കളിക്കളത്തിലും പുറത്തും താരം കാണിക്കാറുള്ള പരുക്കന്‍ സ്വാഭാവവും കോമാളിത്തരങ്ങളുമാണ് ചര്‍ച്ചയാകാറുള്ളത്.
ഇപ്പോഴിതാ ഒരു ആരാധകനെ തല്ലിയതിനാണ് ഷാക്കിബ് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ഒരു പ്രമോഷന്‍ പരിപാടിക്ക് ശേഷമാണ് സംഭവം നടന്നത്. തിരികെ മടങ്ങും നേരം ഷാക്കിബിന്‍റെ അടുത്തേക്ക് ആരാധകര്‍ കൂട്ടത്തോടെ എത്തിയതോടെ സുരക്ഷാസംവിധാനങ്ങള്‍ എല്ലാം പൊളിഞ്ഞു.
ഇതോടെ ജനക്കൂട്ടത്തിന് നടുവില്‍പ്പെട്ട താരം കാറിലേക്ക് തിരികെ മടങ്ങാന്‍ പ്രയാസപ്പെട്ടു. ഇതിനിടെ തന്‍റെ തൊപ്പി തട്ടിയെടുക്കാന്‍ ശ്രമിച്ച ആരാധകനെയാണ്, ഈ തൊപ്പി കൊണ്ട് തന്നെ ഷാക്കിബ് തല്ലിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോള്‍ പരമ്പരയില്‍ ബംഗ്ലാദേശിനെ നയിക്കുന്നതിന്‍റെ തിരക്കിലാണ് നിലവില്‍ 35കാരനുള്ളത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഷാക്കിബിന് കീഴിലിറങ്ങിയ ബംഗ്ലാദേശ് 2-1ന്‍റെ തോല്‍വി വഴങ്ങിയിരുന്നു.
ഇതിന് പിന്നാലെ നടന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് ഇംഗ്ലണ്ടിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലീഷ് ടീം നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ആതിഥേയര്‍ 18 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്.
ഈ മത്സരത്തില്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും മികച്ച പ്രകടനമായിരുന്നു ഷാക്കിബ് നടത്തിയത്. നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കിയ താരം ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ 24 പന്തില്‍ 34 റണ്‍സെടുത്ത് പുറത്താവാതെ നില്‍ക്കുകയും ചെയ്‌തു.
ടി20യില്‍ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരായ വിജയത്തോടെ വര്‍ഷം തുടങ്ങാന്‍ കഴിയുന്നത് ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് മത്സര ശേഷം ഷാക്കിബ് പ്രതികരിച്ചിരുന്നു. "ടി20യിൽ, അധികം ചിന്തിക്കാത്തപ്പോൾ, നിങ്ങൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയും. ഡ്രസ്സിങ് റൂമിൽ ഞങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന അന്തരീക്ഷം അതാണ്.
ടീമിന് ഇത് തുടരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. തീര്‍ച്ചയായും ഇത് വളരെ നല്ല തുടക്കമാണ്. 2024-നെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, വെസ്റ്റ് ഇൻഡീസിൽ ഞങ്ങള്‍ക്ക് ലോകകപ്പ് കളിക്കാനുണ്ട്. അതിനുള്ള തയ്യാറെടുപ്പുകള്‍ ഇവിടെ നിന്ന് തന്നെ ആരംഭിക്കാം. എങ്കില്‍ മാത്രമേ ടൂര്‍ണമെന്‍റില്‍ മികച്ച ടീമിനെ അണിനിരത്താന്‍ സാധിക്കൂ".
ALSO READ:അനുഷ്‌കയെ കണ്ടതിന് ശേഷം ജീവിതത്തിന്‍റെ മറ്റൊരു വശം കണ്ടു; വഴിത്തിരിവിനെക്കുറിച്ച് വിരാട് കോലി
അതേസമയം ഐസിസി വിലക്ക് ലഭിച്ചതിനെ തുടര്‍ന്നുള്ള ഇടവേളയ്‌ക്ക് ശേഷം 2020ലാണ് ഷാക്കിബ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. വാതുവെയ്പ്പ് സംഘം സമീപിച്ച കാര്യം ഐസിസിയുടെ അഴിമതി വിരുദ്ധ സെല്ലിനെ അറിയിച്ചില്ലെന്ന കുറ്റത്തിനായിരുന്നു ഷാക്കിബിനെ ഐസിസി വിലക്കിയത്. അഴിമതി നിരോധന നിയമത്തിലെ മൂന്ന് വകുപ്പുകൾ ലംഘിച്ചതായി ഐസിസി കമ്മിഷന് മുന്നില്‍ ഷാക്കിബ് സമ്മതിച്ചിരുന്നു.
ഇതിനുശേഷം ധാക്ക പ്രീമിയർ ഡിവിഷൻ ടി20 മത്സരത്തിനിടെയുള്ള താരത്തിന്‍റെ അതിരുകടന്ന പെരുമാറ്റം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി. മത്സരത്തിനിടെ അമ്പയറുമായി തര്‍ക്കത്തിലേര്‍പ്പെട്ട ഷാക്കിബ് സ്റ്റംപ് കാലുകൊണ്ട് തട്ടിത്തെറിപ്പിക്കുകയായിരുന്നു.