കറാച്ചി: പാകിസ്ഥാൻ സൂപ്പർ ലീഗിലെ (പിഎസ്‌എൽ) മിന്നും പ്രകടനത്തോടെ തന്‍റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് പാക് പേസ് സെൻസേഷൻ ഷഹീൻ ഷാ അഫ്രീദി. പിഎസ്‌എല്ലില്‍ ലാഹോർ ഖലന്ദർസിനായാണ് താരം കളിക്കുന്നത്. പെഷവാർ സാൽമിയ്‌ക്കെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റുകളുമായി തകര്‍പ്പന്‍ പ്രകടനമാണ് ഷഹീൻ നടത്തിയത്.
പെഷവാർ ഇന്നിങ്‌സിന്‍റെ ആദ്യ പന്തില്‍ തന്നെ മുഹമ്മദ് ഹാരിസിന്‍റെ ബാറ്റൊടിച്ച് കൊണ്ടാണ് ഇടങ്കയ്യൻ സീമർ തുടങ്ങിയത്. 22കാരന്‍റെ പന്ത് അടിച്ചകറ്റാന്‍ ശ്രമിച്ച പെഷവാർ ഓപ്പണറുടെ ബാറ്റ് രണ്ട് കഷ്‌ണങ്ങളാവുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ ഹാരിസിനെ ക്ലീൻ ബൗൾഡാക്കിയും ഷഹീന്‍ ഞെട്ടിച്ചു.
ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയിയല്‍ വൈറലാണ്. പെഷവാർ ക്യാപ്റ്റന്‍ ബാബര്‍ അസം, ജിമ്മി നിഷാം, വഹാബ് റിയാസ്, സാദ് മസൂദ് എന്നിവരെയും തിരികെ കയറ്റിയാണ് ഷഹീൻ അഞ്ച് വിക്കറ്റ് തികച്ചത്. ഹാരിസിനെക്കൂടാതെ ബാബറിന്‍റേയും സാദ് മസൂദിന്‍റേയും കുറ്റി പിഴുതാണ് താരം പുറത്താക്കിയത്.
നാല് ഓവറില്‍ 40 റണ്‍സ് വഴങ്ങിയായിരുന്നു ഷഹീന്‍റെ പ്രകടനം. മത്സരത്തില്‍ ലാഹോര്‍ ടീം 40 റണ്‍സിന്‍റെ വിജയവും സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ലാഹോര്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 241 റണ്‍സാണ് നേടിയത്. അര്‍ധ സെഞ്ച്വറി നേടിയ ഫഖര്‍ സമാന്‍ (45 പന്തില്‍ 96), അബ്‌ദുള്ള ഷഫീഖ് (41 പന്തില്‍ 75) എന്നിവരുടെ പ്രകടനമാണ് ലാഹോറിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.
23 പന്തില്‍ 47 റണ്‍സടിച്ച് പുറത്താവാതെ നിന്ന സാം ബില്ലിങ്സിന്‍റെ പ്രകടനവും നിര്‍ണായകമായി. മറുപടിക്കിറങ്ങിയ പെഷവാറിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 201 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 23 പന്തില്‍ 55 റണ്‍സെടുത്ത ടോം കോഹ്ലർ-കാഡ്മോറാണ് സംഘത്തിന്‍റെ ടോപ് സ്‌കോറര്‍.
സൈം അയൂബ് 34 പന്തില്‍ 51 റണ്‍സെടുത്തു. കഴിഞ്ഞ വര്‍ഷം കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഏറെ നാളത്തെ വിശ്രമത്തിന് ശേഷമാണ് ഷഹീന്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്.
ALSO READ:'നിർഭാഗ്യത്തെ പഴിക്കാം, പക്ഷേ ആത്മാർഥമായി പരിശ്രമിച്ചിരുന്നെങ്കിൽ' ; ഹർമൻപ്രീതിനെതിരെ അലിസ ഹീലി