ക്വീന്‍സ്‌ലാന്‍ഡ് : ഏകദിന കരിയറിലെ അവസാന മത്സരത്തിനിറങ്ങിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന് ഗാർഡ് ഓഫ് ഓണർ നല്‍കി ന്യൂസിലാന്‍ഡ് താരങ്ങള്‍. കിവീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തോടെ താന്‍ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുമെന്ന് ഫിഞ്ച് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മത്സരത്തില്‍ ബാറ്റ് ചെയ്യാനിറങ്ങുമ്പോഴാണ് കെയ്ൻ വില്യംസണിന്‍റെ നേതൃത്വത്തിലുള്ള കിവീസ് താരങ്ങള്‍ ഫിഞ്ചിന് ഗാർഡ് ഓഫ് ഓണർ നല്‍കിയത്.
ക്രീസിലെത്തിയ ഓസീസ് ഓപ്പണര്‍ക്ക് അധിക സമയം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. 13 പന്തില്‍ അഞ്ച് റണ്‍സ് മാത്രം നേടിയ ഫിഞ്ചിനെ ടിം സൗത്തി ബൗള്‍ഡാക്കിയാണ് തിരിച്ചുകയറ്റിയത്. അടുത്ത ഏകദിന ലോകകപ്പ് വിജയിക്കുന്നതിനായി പുതിയ ക്യാപ്റ്റന് തയ്യാറെടുക്കാനുള്ള അവസരം നല്‍കുന്നതിന് ഏറ്റവും മികച്ച സമയമാണിതെന്ന് തന്‍റെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ആരോണ്‍ ഫിഞ്ച് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജൂലൈയില്‍ തന്നെ ഫിഞ്ച് വിരമിക്കലിനെക്കുറിച്ച് സംസാരിച്ചിരുന്നു.
ഏകദിനത്തില്‍ നിന്ന് വിരമിച്ചെങ്കിലും ഓസീസിന്‍റെ ടി20 നായകനായി ഫിഞ്ച് തുടരും. 2013ല്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് ആരോണ്‍ ഫിഞ്ച് ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 146 മത്സരങ്ങളില്‍ നിന്നും 17 സെഞ്ച്വറിയടക്കം 5406 റണ്‍സാണ് താരം നേടിയത്.