ന്യൂയോര്‍ക്ക്: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ അഫ്‌ഗാനസ്ഥാന്‍ താരം റാഷിദ് ഖാന് മുന്നില്‍ തന്നെയാണ് സ്ഥാനം. ബോളുകൊണ്ടും ബാറ്റുകൊണ്ടും മിന്നാനുള്ള കഴിവുകൊണ്ട് ലോകത്തിലെ വിവിധ ടി20 ലീഗുകളില്‍ പൊന്നിന്‍ വിലയാണ് റാഷിദ് ഖാനുള്ളത്. നിലവില്‍ മേജർ ലീഗ് ക്രിക്കറ്റിൽ (Major League Cricket ) എംഐ ന്യൂയോർക്കിനായാണ് (MI New York) റാഷിദ് ഖാന്‍ (Rashid) കളിക്കുന്നത്.
എന്നാല്‍ സിയാറ്റിൽ ഓർക്കാസിനെതിരെ (Seattle Orcas) ഇന്ന് നടന്ന മത്സരം താരം എന്നും മറക്കാന്‍ ആഗ്രഹിക്കുമെന്നുറപ്പാണ്. കാരണം സിയാറ്റിൽ ഓർക്കാസ് ഇന്നിങ്‌സിന്‍റെ 16-ാം ഓവര്‍ എറിഞ്ഞ റാഷിദിനെതിരെ കടുത്ത പ്രഹരമായിരുന്നു ദക്ഷിണാഫ്രിക്കൻ താരമായ ഹെൻറിച്ച് ക്ലാസൻ (Heinrich Klaasen) നടത്തിയത്.
മുംബൈ താരത്തെ നിലത്ത് നിര്‍ത്താതിരുന്ന ക്ലാസന്‍ മൂന്ന് സിക്‌സുകളും ഒരു ഫോറും ഉള്‍പ്പെടെ 24 റണ്‍സാണ് ഈ ഓവറില്‍ അടിച്ച് കൂട്ടിയത്. റാഷിദിന്‍റെ ആദ്യ രണ്ട് പന്തുകളും സിക്‌സറിന് പറത്തിയ ക്ലാസന്‍ മൂന്നാം പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്തു. നാലാം പന്തില്‍ വീണ്ടും ബൗണ്ടറി വഴങ്ങിയതോടെ റാഷിദ് കുഴങ്ങി.
ഇതുകൊണ്ട് നിര്‍ത്താന്‍ തയ്യാറാവാതിരുന്ന ക്ലാസന്‍ അഞ്ചാം പന്തിലും സിക്‌സറടിച്ചു. അവസാന പന്തില്‍ രണ്ട് റണ്‍സും കൂടി വഴങ്ങിയതോടെ റാഷിദ് ഇഞ്ചപ്പരിവമാവുകയും ചെയ്‌തു. രണ്ട് വിക്കറ്റിന് എംഐ ന്യൂയോർക്ക് തോല്‍വി വഴങ്ങിയ മത്സരത്തില്‍ റാഷിദിനെതിരായ ഹെൻറിച്ച് ക്ലാസന്‍റെ വെടിക്കെട്ട് സിയാറ്റിൽ ഓർക്കാസിന് ഏറെ നിര്‍ണായകമാവുകയും ചെയ്‌തു.
മോറിസ്‌വില്ലിലെ ചർച്ച് സ്ട്രീറ്റ് പാർക്കിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ സിയാറ്റിൽ ഓർക്കാസ് ബോളിങ് തെരഞ്ഞെടുത്തിരുന്നു. ഇതോടെ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ എംഐ ന്യൂയോര്‍ക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 194 റണ്‍സാണ് നേടിയത്. നിക്കോളാസ് പുരാന്‍റെ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയായിരുന്നു ന്യൂയോര്‍ക്ക് ടീമിന് തുണയായത്.