ഇന്‍ഡോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ മധ്യപ്രദേശിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന്‍റെ ആദ്യ ദിനം ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റും ആന്ധ്രാപ്രദേശ് നായകനുമായ ഹനുമ വിഹാരിക്ക് പരിക്കേറ്റിരുന്നു. പേസര്‍ ആവേഷ് ഖാന്‍റെ ബൗണ്‍സറേറ്റ 29കാരന്‍റെ ഇടത് കൈത്തണ്ടയ്ക്ക് ഒടിവേല്‍ക്കുകയായിരുന്നു. ഇതോടെ താരത്തിന് റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങിണ്ടിയും വന്നു.
ഇതിന് പിന്നാലെ വലങ്കയ്യന്‍ ബാറ്റര്‍ക്ക് ആറ് ആഴ്ച വരെ വിശ്രമം നിർദേശിച്ചതായി ടീം ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ആവശ്യം വന്നാല്‍ വിഹാരി ബാറ്റുചെയ്യാനെത്തുമെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമക്കിയിരുന്നു. ഒടുവില്‍ ടീമിനായി പ്രതിസന്ധി ഘട്ടത്തില്‍ വീണ്ടും ബാറ്റുചെയ്യാനെത്തിയ വിഹാരിക്ക് കയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകം.
പരിക്കേറ്റ ഇടത് കൈത്തണ്ട സംരക്ഷിക്കാനായി ഇടങ്കയ്യനായാണ് വിഹാരി കളത്തിലെത്തിയത്. ഒറ്റക്കയ്‌കൊണ്ട് ബാറ്റ് ചെയ്യുന്ന വിഹാരിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വെറ്റന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക് അടക്കം വിഹാരിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്‌തിട്ടുണ്ട്.