കറാച്ചി :പേസര്‍മാരെ എങ്ങനെ നേരിടണമെന്ന് സുനില്‍ ഗവാസ്‌കറിന്‍റെ ബാറ്റിങ് കണ്ട് പഠിക്കണമെന്ന് പാകിസ്ഥാന്‍റെ മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദ്. ഉയരക്കുറവ് ഉണ്ടായിരുന്നിട്ടും ലോകത്തിന്‍റെ എല്ലാ ഭാഗത്തും ഗവാസ്‌കര്‍ കളിച്ചുവെന്നത് അതിശയിപ്പിക്കുന്നതാണെന്നും മിയാന്‍ദാദ് പറഞ്ഞു. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്ത് വിട്ട വീഡിയോയിലാണ് മിയാന്‍ദാദ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ലോകോത്തര പേസര്‍മാര്‍ക്കെതിരെ കഷ്ടിച്ച് അഞ്ച് അടി അഞ്ച് ഇഞ്ച് ഉയരമുള്ള ഗവാസ്‌കറിന്‍റെ പ്രതിരോധവും ബാലന്‍സിങ്ങും നിലവിലെ കളിക്കാര്‍ക്ക് പഠിക്കാനാകുന്ന പാഠങ്ങളാണെന്നാണ് മിയാൻദാദ് വിശ്വസിക്കുന്നത്. 'ഗവാസ്‌കറിന്‍റെ സ്ഥിരതയും പ്രകടനവും സവിശേഷമാണ്. അദ്ദേഹത്തിന്‍റെ വീഡിയോ കണ്ട് ഇപ്പോഴത്തെ കളിക്കാര്‍ക്ക് ഒരുപാട് പഠിക്കാനാവും.
തന്‍റെ ഉയരക്കുറവിനിടയിലും ഫാസ്റ്റ് ബൗളര്‍മാരെ എങ്ങനെ നേരിടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്ന് നോക്കുക. ഓസ്‌ട്രേലിയ, വെസ്റ്റ്‌ഇന്‍ഡീസ്, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് എന്നിവയ്‌ക്ക് പുറമെ പാകിസ്ഥാനടക്കമുള്ള ടീമുകളുടെ അപകടകാരികളായ പേസര്‍മാരെയാണ് ഗവാസ്‌കര്‍ നേരിട്ടത്' - മിയാന്‍ദാദ് പറഞ്ഞു.