കെഎൽ രാഹുല്‍ - ആതിയ ഷെട്ടി വിവാഹ ആഘോഷങ്ങൾ ആരംഭിച്ചു മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റര്‍ കെഎൽ രാഹുലിന്‍റെയും നടി ആതിയ ഷെട്ടിയുടെയും വിവാഹ ആഘോഷങ്ങൾ ആരംഭിച്ചു. ആതിയ ഷെട്ടിയുടെ അച്ഛനും നടനുമായ സുനിൽ ഷെട്ടിയുടെ ഖണ്ടാലയിലുള്ള ഫാം ഹൗസില്‍ വച്ചാണ് ചടങ്ങ്. ജനുവരി 23 നാണ് വിവാഹം നടക്കുകയെന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. സ്വകാര്യ ചടങ്ങിൽ രാഹുലിന്‍റെയും ആതിയയുടേയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പടെ 100-ൽ താഴെ അതിഥികൾ മാത്രമേ പങ്കെടുക്കൂ. നേരത്തെ ബോളിവുഡില്‍ നിന്നുള്‍പ്പടെയുള്ള പ്രമുഖര്‍ ചടങ്ങിനെത്തുമെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്.
ചടങ്ങുകള്‍ക്കായി അലങ്കരിച്ച ഖണ്ടാലയിലുള്ള ഫാം ഹൗസിന്‍റെ ചില ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്വകാര്യത നിലനിര്‍ത്തുന്നതിനായി വിവാഹത്തിനിടെയുള്ള ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണമുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടരുതെന്ന് അതിഥികളോട് അഭ്യർഥിച്ചതായാണ് വിവരം.
2019 മുതല്‍ രാഹുലും ആതിയയും ഡേറ്റിംഗിലാണ്. രഹസ്യമാക്കിവച്ചിരുന്ന ബന്ധം 2021ലാണ് രാഹുല്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. ഇതിന് മുന്‍പ് ടീം ഇന്ത്യയുടെ ഏതാനും പര്യടനങ്ങളിൽ ആതിയ രാഹുലിനൊപ്പം ഉണ്ടായിരുന്നു.