മുംബൈ:വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമില്‍ യശസ്വി ജയ്‌സ്വാൾ, റിതുരാജ് ഗെയ്‌ക്‌വാദ് തുടങ്ങിയ നിരവധി യുവതാരങ്ങൾക്ക് അവസരം നൽകിയിരുന്നു. എന്നാൽ, അർഹരായ കുറച്ച് താരങ്ങള്‍ തഴയപ്പെട്ടതിനാല്‍ ബിസിസിഐ സെലക്‌ടര്‍മാര്‍ക്കെതിരെ മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ അതൃപ്‌തി പ്രകടമാക്കിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തുന്ന സർഫറാസ് ഖാൻ, അഭിമന്യു ഈശ്വരൻ, പ്രിയങ്ക് പഞ്ചാൽ എന്നിവരെ പരിഗണിക്കാതിരുന്നതാണ് പ്രധാനമായും ചര്‍ച്ചയാവുന്നത്.
ഇപ്പോഴിതാ ഐപിഎല്ലിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിനെയടക്കം വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. ഇന്ത്യയുടെ നിലവിലെ ടീം തെരഞ്ഞെടുപ്പിന്‍റെ യുക്തിയും ഒരു ട്വീറ്റിലൂടെ ജാഫര്‍ ചോദ്യം ചെയ്‌തു.
1) നാല് ഓപ്പണർമാരുടെ ആവശ്യം എന്താണ്? പകരം, സർഫറാസിന്‍റെ സ്ഥിരതയാർന്ന ആഭ്യന്തര പ്രകടനങ്ങളെ മാനിക്കുന്നതിനായി അധിക മധ്യനിര ബാറ്ററായി താരത്തെ തെരഞ്ഞെടുക്കാമായിരുന്നു.
2) രഞ്ജിയിലും ഇന്ത്യ എയ്‌ക്കായും മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ വാതില്‍ തുറക്കാന്‍ ഏറെ കാലമായി കാത്തിരിക്കുന്ന താരങ്ങളാണ് അഭിമന്യു ഈശ്വരൻ, പ്രിയങ്ക് പഞ്ചാൽ എന്നിവര്‍. ഐപിഎൽ കളിക്കാത്തതിനാലാണോ ഇവര്‍ക്ക് സെലക്‌ഷന്‍ ലഭിക്കാതിരിക്കുന്നത്. എങ്ങനെയാണ് റിതുരാജ് ഗെയ്‌ക്‌വാദ് സ്‌ക്വാഡില്‍ ഇടം നേടിയത്.
3) ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം, ഷമിയ്‌ക്ക് വീണ്ടും വിശ്രമം അനുവദിച്ചത് കണ്ടപ്പോൾ അത്ഭുതപ്പെട്ടു. എത്രത്തോളം പന്തെറിയുന്നുവോ അത്രയും മികച്ച/ഫിറ്ററും ഫോമും ലഭിക്കുന്ന തരത്തിലുള്ള ബോളറാണ് അവനെന്നാണ് എനിക്ക് തോന്നുന്നത്.
അതേസമയം സര്‍ഫറാസ് ഖാനെ തുടര്‍ച്ചയായി തഴയുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യയുടെ മുന്‍ ബാറ്റററും കമന്‍റേറ്ററുമായ ആകാശ് ചോപ്ര രംഗത്ത് എത്തിയിരുന്നു. സര്‍ഫറാസിനെ തുടർച്ചയായി അവഗണിക്കുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട ആകാശ് ചോപ്ര, ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ എന്താണ് സര്‍ഫറാസ് ഇനിയും ചെയ്യേണ്ടതെന്നാണ് ചോദിക്കുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഏതൊരു താരത്തേക്കാളും റണ്‍സ് നേടാന്‍ സര്‍ഫറാസിന് കഴിഞ്ഞിട്ടുണ്ട്. കളിച്ച എല്ലായിടത്തും താരം റണ്‍സ് കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും താരത്തിന് മുന്നില്‍ ഇന്ത്യന്‍ ടീമിന്‍റെ വാതില്‍ തുറക്കാതിരിക്കുന്നത് എന്തു സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു. തന്‍റെ യൂട്യൂബ് ചാനലില്‍ പുറത്ത് വിട്ട വിഡിയോയിലൂടെയായിരുന്നു ആകാശ് ചോപ്രയുടെ പ്രതികരണം.
ALSO READ:"ഐപിഎല്‍ മികവാണോ ടെസ്റ്റ് ടീമിലെത്താനുള്ള എളുപ്പവഴി"; ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പിനെതിരെ അഭിനവ് മുകുന്ദ്
ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, അക്‌സർ പട്ടേൽ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്‌ഘട്ട്, നവ്ദീപ് സൈനി.